ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും നടത്തുന്ന സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. ലഫ്. ഗവര്‍ണറുടെ വസതിയില്‍ ഇത്തരമൊരു കുത്തിയിരിപ്പ് സമരം നടത്താന്‍ കെജ്‌രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് ചോദിച്ച കോടതി ഇപ്പോള്‍ നടക്കുന്നതിനെ സമരമെന്ന് വിളിക്കാനാകില്ലെന്നും വ്യക്തമാക്കി.
സമരത്തിനെതിരെ ബി.ജെ. പി നേതാവ് വിജേന്ദര്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ എ.കെ ചൗള, നവീന്‍ ചൗള എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ കയറിച്ചെന്ന് സമരംചെയ്യാന്‍ ഒരാള്‍ക്കും അധികാരമില്ല. വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് സമരമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആരാണ് അതിന് അധികാരം നല്‍കിയതെന്നും കോടതി ചോദിച്ചു.
കേസില്‍ ഐ.എ. എസ് അസോസിയേഷനെ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു. ഇവരുടെ കൂടി വാദം കേട്ട ശേഷമാകും അന്തിമ വിധി പുറപ്പെടുവിക്കുക. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഐ.എ. എസ് ഉദ്യോഗസ്ഥര്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കെജ്‌രിവാളിന്റെയും മന്ത്രിമാരുടെയും സമരം. അതേസമയം കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം തെരുവിലേക്ക് മാറ്റാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമം തുടങ്ങി. ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെ ഇതേരീതിയില്‍ സമരം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിനു പുറമേ, നിരാഹാരമിരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോഗ്യനിലമോശമായതും നിലപാടു മാറ്റത്തിനു കാരണമായി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല. ഐ. എ.എസ് ഉദ്യോഗസ്ഥരുടെ സമരം പിന്‍വലിച്ചാല്‍ പ്രശ്‌നം തീരുമെന്നും ഉദ്യോഗസ്ഥര്‍ ധാര്‍ഷ്ട്യം മതിയാക്കണമെന്നുമാണ് എ.എ.പിയുടെ നിലപാട്. സമരത്തില്‍ മൗനം പാലിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെയും പാര്‍ട്ടി വിമര്‍ശിച്ചു.
സമരകാര്യങ്ങള്‍ വിശദീകരിച്ച് ഇന്നു മുതല്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വീടുവീടാന്തരം പ്രചാരണം ആരംഭിക്കും. സമരത്തിനനുകൂലമായി ശേഖരിച്ച പത്തു ലക്ഷം ഒപ്പുകളുമായി വീണ്ടും പ്രധാനമന്ത്രിയുടെ വസതിയിലേക്കു മാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചു. സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നിട്ടും ഗവര്‍ണര്‍ ഇതുവരെ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. ഔദ്യോഗിക കാര്യങ്ങള്‍ മന്ത്രിമാര്‍ സമരസ്ഥലത്ത് നിന്നായിരുന്നു ചെയ്തിരുന്നത്. ലഫ്. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ഈ മാസം 12നാണ് എ.എ.പി നേതാക്കള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
ഇതിന് പിന്നാലെ ബംഗാള്‍, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.