കൊച്ചി: ഒരു വിജയമെന്ന സ്വപ്‌ന സാഫല്യത്തിനായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഇനിയും കാത്തിരിക്കണം, സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം മത്‌സരത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. ചാമ്പ്യന്‍ ചെന്നൈയിനെ 3-1ന് മുട്ടുകുത്തിച്ച ഡല്‍ഹി ഡൈനാമോസുമായുള്ള അങ്കം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ടീമെന്ന നിലയില്‍ ഏറെ മെച്ചപ്പെട്ട ബ്ലാസ്‌റ്റേഴ്‌സിന് ഡല്‍ഹിയുടെ ഗോള്‍ വല കുലുക്കാന്‍ നിരവധി അവസരങ്ങളുണ്ടായെങ്കിലും ഒരു നീക്കവും പൂര്‍ത്തീകരിക്കപ്പെട്ടില്ല. മറുഭാഗത്ത് ഡല്‍ഹിയും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും സമനില പൂട്ടഴിക്കാനായില്ല. സമനിലയില്‍ നിന്ന് ഒരു പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് ലീഗ് ടേബിളില്‍ ഏഴാം സ്ഥാനത്തായി. രണ്ടു മത്‌സരങ്ങളില്‍ നിന്ന് നാലു പോയിന്റ് നേടിയ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 14ന് ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് കേരള ടീമിന്റെ അടുത്ത മത്‌സരം.
കൊല്‍ക്കത്തക്കെതിരെ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളാണ് കോച്ച് സ്റ്റീവ് കോപ്പല്‍ വരുത്തിയത്. ആരാധകരെ ആവേശത്തിലാക്കി സീസണിലാദ്യമായി മൈക്കല്‍ ചോപ്ര ആദ്യ ഇലവനില്‍ ഇറങ്ങി, സൈഡ് ബെഞ്ചിലിരുന്നത് എല്‍ഹാദ്ജി എന്‍ദോയെ. മധ്യനിരയില്‍ ഫാറൂഖ് ചൗധരിക്ക് പകരം അസ്‌റാക്ക് മഹമതിനെയും ബാറിന് കീഴില്‍ സ്റ്റാക്കിന് പകരം സന്ദീപ് നന്ദിയെയും ഇറക്കി. മാര്‍ക്വിതാരം മലൂദയെ ആദ്യ ഇലവനില്‍ കളിപ്പിച്ച സംേ്രബാട്ട ഡാഡ്‌സെക്ക് പകരം കഴിഞ്ഞ മത്‌സരത്തില്‍ ഗോള്‍ നേടിയ സെനഗല്‍ താരം ബദറ ബാദ്ജിക്ക് ടീമിന്റെ ആക്രമണ ചുമതല നല്‍കി. പരിക്കേറ്റ മലയാളി താരം അനസ് എടത്തോടികക്ക് പകരം ലാല്‍ചൗകിമയദ്യാണ് പ്രതിരോധത്തില്‍ ഇടംപിടിച്ചത്. ടീം ഘടനയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മാറ്റം കളത്തിലും പ്രതിഫലിച്ചു.
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച ടീം ആദ്യ രണ്ടുകളിയില്‍നിന്ന് വ്യത്യസ്തമായി കളത്തില്‍ ഒത്തിണക്കം കാട്ടി. പന്തടക്കത്തില്‍ മുന്നില്‍നിന്നു. കൂടുതല്‍ സമയം പന്ത്കാലില്‍വച്ച് കളിക്കാനായിരുന്നു ശ്രമം. നീക്കങ്ങള്‍ കൃത്യതഉണ്ടായിരുന്നു. പക്ഷേ, അവസരങ്ങളുýാക്കുന്നതില്‍ പിന്നാക്കം പോയി. ആതിഥേയ ടീമിന്റെ ആക്രമണത്തില്‍ ആദ്യമൊന്ന് പകച്ചെങ്കിലും ആദ്യ ഇരുപത് മിനുറ്റിന് ശേഷം ഡല്‍ഹിയും ആക്രമണോത്‌സുകത കാട്ടി. രýണ്ടാം മത്‌സരത്തിലും ലെഫ്റ്റ് ബാക്കായി തുടര്‍ന്ന ഹോസുവിന്റെ പ്രകടന മികവ് തുടര്‍ന്നു. ചെന്നൈയിനിനെതിരെ രണ്ടു ഗോള്‍ നേടിയ മാഴ്‌സലീഞ്ഞോയെ തളക്കുന്നതില്‍ ഹോസും പൂര്‍ണമായും വിജയിച്ചു. ഡല്‍ഹിയുടെ ഗോള്‍ ബോക്‌സില്‍ കയറി തകര്‍പ്പന്‍ ക്രോസുകള്‍ തൊടുക്കാനും ഈ സ്പാനിഷുകാരന് കഴിഞ്ഞു. 12ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്ത് നിന്ന് ഗോളടിക്കാനുള്ള ആദ്യ നീക്കമുണ്ടായത്. ഗോള്‍മുഖത്ത് ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന ചോപ്രക്ക് പന്ത് കിട്ടിയെങ്കിലും വലിയ വ്യത്യാസത്തില്‍ പുറത്തേക്കടിച്ചു കളഞ്ഞു.
17ാംമിനിറ്റില്‍ ജര്‍മനെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക്് ബോക്‌സിന് ഇടതുവശത്ത് നിന്ന് ഹോസു തൊടുത്തു. ഡല്‍ഹി പ്രതിരോധം അപടകമൊഴിവാക്കി. 22-ാം മിനിറ്റില്‍ മധ്യനിരക്കാരന്‍ മിലന്‍ സിങ്ങിലൂടെ ഡല്‍ഹിക്കൊരു ഗോള്‍ മണത്തു. പക്ഷേ ദുര്‍ബലമായ ഷോട്ട് ഗോളി സന്ദീപ് നന്ദി അനായാസം കൈപിടിയിലൊതുക്കി. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റ്‌റ്റേഴ്‌സ് സമനില കുരുക്ക് പൊട്ടിക്കുമെന്ന് തോന്നിച്ചെങ്കിലും നിരാശ മാത്രം ബാക്കിയായി. ഇടതു ഭാഗത്ത് നിന്നുള്ളഹോസുവിന്റെ ലോങ് ക്രോസ് ബോക്‌സിലേക്കാണ് വീണത്. പന്ത് കിട്ടിയത് ചോപ്രക്ക്്, ബോക്‌സിന്റെ വലതുവശത്തിലൂടെ ചോപ്ര രýടി മുന്നേറി, മുന്നില്‍ ഗോളി അന്റോണിയോ ഡൊബ്ലാസ് മാത്രം. വലയുടെ ഇടത് കോര്‍ണറിലേക്ക് തൊടുത്ത ഷോട്ട് ഡൊബ്ലാസിന്റെ കാലില്‍ തട്ടി വലക്ക് പുറത്തയാപ്പോള്‍ അരലക്ഷത്തോളം കാണികള്‍ തലയില്‍ കൈവച്ചിരുന്നു.
ഇടവേളക്കുശേഷം നീക്കങ്ങള്‍ക്ക് വേഗം വന്നു. ബ്ലാസ്‌റ്റേഴ്‌സ് മികച്ച നീക്കങ്ങള്‍ ഡല്‍ഹി ഗോള്‍മുഖത്തേക്ക് നടത്തി. ഡക്കന്‍സ് നാസണിന് പകരമെത്തിയ ബെല്‍ഫോര്‍ട്ട് കളത്തിലിറങ്ങിയപാടെ അവസരമൊരുക്കി. ഇടതുഭാഗത്ത്‌നിന്ന് പന്തുമായി അസമാന്യവേഗത്തില്‍ കുതിച്ച ബെല്‍ഫോര്‍ട്ട് ബോക്‌സില്‍വച്ച് വലതുഭാഗത്തേക്ക് ക്രോസ്‌തൊടുത്തു. ചോപ്രയും ജര്‍മനും ഗോള്‍മുഖത്ത് ഉണ്ടായിരുന്നെങ്കിലും പന്തിനെ എത്തിപ്പിടിക്കാനായില്ല. ഇതിനിടെ ഡല്‍ഹിഗോളി ഡൊബ്ലാസ് പരിക്കേറ്റ് മടങ്ങി. ബ്ലാസ്‌റ്റേഴ്‌സ്പ്രതിരോധ നിരയിലെ വിശ്വസ്തന്‍ സെഡ്രിക് ഹെങ്ബാര്‍ട്ട് തിരിച്ചുകയറി. സന്ദേശ് ജിങ്കന് ഇരട്ടിപ്പണിയായി. പക്ഷേ, ജിങ്കന്‍ ഡല്‍ഹി മുന്നേറ്റത്തിനെ സമര്‍ഥമായി തടഞ്ഞു. അവസാന നിമിഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റേത് ഏകപക്ഷീയമായ ആക്രമണമായിരുന്നു. പക്ഷേ ഗോള്‍ മാത്രം വന്നില്ല.