വാസുദേവന്‍ കുപ്പാട്ട്

കാലവര്‍ഷക്കെടുതിയും പ്രളയവും കശക്കിയെറിഞ്ഞ കേരളത്തിലെ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഏറെ സമയം വേണ്ടിവരുമെന്ന് സൂചന. കുട്ടനാട്ടിലും പാലക്കാടും ഉണ്ടായ വെള്ളപ്പൊക്കം നെല്‍കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ നെല്ലറയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. വെള്ളമിറങ്ങിയാലും കൃഷിഭൂമി സംരക്ഷിച്ചെടുക്കുകയെന്നത് സാഹസമായിരിക്കും. ഇടുക്കിയിലും വയനാട്ടിലും ഉണ്ടായ കൃഷിനാശം പ്രധാനമായും തോട്ടവിളകളെയാണ് ബാധിക്കുന്നത്.

തോട്ടം മേഖലയില്‍ മാത്രം 700 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. വിവിധ ജില്ലകളില്‍ മൂന്ന് ലക്ഷത്തില്‍പരം കര്‍ഷകരെയാണ് പ്രളയം ബാധിച്ചത്. 500 ഏക്കറിലേറെ തോട്ടംഭൂമികള്‍ കെടുതിക്ക് ഇരയായി. പാലക്കാട്, ഇടുക്കി, തൃശൂര്‍, വയനാട്, ആലപ്പുഴ ,കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലാണ് വലിയതോതില്‍ കൃഷിഭൂമി നശിച്ചത്.

നെല്ല്, തെങ്ങ്, കശുവണ്ടി, വാഴ, മഞ്ഞള്‍ എന്നിവ വ്യാപകമായി നശിച്ചു. ഏലം, തേയില, കാപ്പി, റബ്ബര്‍ തുടങ്ങിയ തോട്ടവിളകള്‍ നശിച്ചത് കര്‍ഷകരുടെ സാമ്പത്തികസ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇടുക്കി, വയനാട്, മൂന്നാര്‍, നെല്ലിയാമ്പതി, വണ്ടിപെരിയാര്‍ മേഖലകളില്‍ തേയിലത്തോട്ടങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു. തേയില ഉല്‍പാദനത്തില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹെക്ടറിന് 200 കിലോയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ മുതലുള്ള മാസങ്ങളില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചെടുക്കാന്‍ വഴി തേടുന്നതിനിടെയാണ് പ്രളയം എല്ലാം തകര്‍ത്തെറിഞ്ഞത്. തോട്ടം ഉടമകളെയും തൊഴിലാളികളെയും ഒരേപോലെ പ്രയാസപ്പെടുത്തുന്നതാണിത്.

വയനാട്ടില്‍ ഉണ്ടായ ശക്തമായ മഴയും ഉരുള്‍പൊട്ടലും തേയില തോട്ടങ്ങളെയും മറ്റു തോട്ടവിളകളെയും ബാധിക്കുകയുണ്ടായി. മൊത്തം 600 ഹെക്ടര്‍ സ്ഥലത്തെ കൃഷിഭൂമിയാണ് നഷ്ടമായത്. കുറിച്യ മലയില്‍ മാത്രം 127 ഏക്കര്‍ തേയിലതോട്ടം നശിച്ചു. ഇതിന് പുറമെ തോട്ടങ്ങളിലെ തണല്‍മരങ്ങളും നിലംപതിച്ചു. മലയാളം പ്ലാന്റേഷന്റെ 30 ഏക്കര്‍ തോട്ടവും നശിച്ചു. കല്‍പറ്റ, വൈത്തിരി, മാനന്തവാടി തുടങ്ങിയ ഭാഗങ്ങളിലെ തോട്ടങ്ങളും മറ്റു കാര്‍ഷികവിളകളും നാശത്തിനിരയായി.

വണ്ടിപെരിയാറില്‍ രണ്ടര ഏക്കര്‍ തോട്ടഭൂമിയാണ് നഷ്ടമായത്. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, അരീക്കോട് ഭാഗങ്ങളില്‍ വ്യാപകമായ തോതില്‍ കൃഷിഭൂമി നഷ്ടമായി. തോട്ടങ്ങള്‍ക്ക് പുറമെ തെങ്ങ്, കമുക് തുടങ്ങിയ വിളകളും വെള്ളത്തില്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലിലും മലവെളളപ്പാച്ചിലിലും എല്ലാം നഷ്ടമായ കര്‍ഷകരാണ് ഇവിടെയുള്ളത്. മൊത്തം ജില്ലയില്‍ 50 കോടിയുടെ കൃഷിനാശം ഉണ്ടായതായി കണക്കാക്കുന്നു.

റബ്ബര്‍ വിലയില്‍ അടുത്തകാലത്ത് ഉണര്‍വ് ഉണ്ടായിരുന്നത് പ്രളയം തല്ലികെടുത്തുന്ന അവസ്ഥയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉല്‍പാദനത്തില്‍ 22 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ ഉല്‍പാദനം 30 ശതമാനം വര്‍ധിക്കുമെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് മഴക്കെടുതി എത്തിയത്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവരെ പുനരധിവസിപ്പിക്കുക എന്നതിനാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പ്രഥമ പരിഗണന നല്‍കുന്നത്. പാലങ്ങളും റോഡുകളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതെല്ലാം കഴിഞ്ഞുമാത്രമെ കൃഷിഭൂമിയും വിളകളും സംരക്ഷിച്ചെടുക്കുകയെന്ന ദൗത്യത്തിലേക്ക് തിരിയാന്‍ സാധിക്കുകയുള്ളു. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി, ബാലുശ്ശേരി, പുതുപ്പാടി മേഖലകളിലാണ് കൂടുതല്‍ കൃഷിനാശം നേരിട്ടത്. പുതുപ്പാടിക്കടുത്ത് മട്ടിക്കുന്ന്,കണ്ണപ്പന്‍കുണ്ട് മേഖലയില്‍ ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ് ഒലിച്ചുപോയത്. വീടിനൊപ്പം കൃഷിഭൂമിയും നഷ്ടമായവര്‍ സര്‍ക്കാറിന്റെ സഹായത്തിന് കാത്തിരിപ്പ് തുടരുകയാണ്.