കൊച്ചി: കൊച്ചി വിമാനത്താവളം അടച്ചിട്ടതു നിമിത്തം യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനായി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) നിര്‍ദേശം നല്‍കി. കൊച്ചിയിലേക്കു വരേണ്ട എഴുപത്തൊന്നും പോകേണ്ട എഴുപത്തിനാലും ആഭ്യന്തര വിമാനസര്‍വീസുകളില്‍ വരേണ്ട 23ഉം പോകേണ്ട 24ഉം സര്‍വീസുകള്‍ തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു.

കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലും  അയല്‍സംസ്ഥാനങ്ങളിലുള്ള തൊട്ടടുത്ത വിമാനങ്ങളായ മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ഏറ്റവും കുറഞ്ഞ യാത്രക്കൂലി മാത്രമേ ഈടാക്കാവൂ എന്നു നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നും തൊട്ടടുത്ത വിമാനത്താവളങ്ങളില്‍നിന്നുമുള്ള ദൈര്‍ഘ്യമേറിയ സര്‍വീസുകള്‍ക്കു പതിനായിരം രൂപയും ഹ്രസ്വദൂര സര്‍വീസുകള്‍ക്ക് എട്ടായിരം രൂപയും മാത്രമേ പരമാവധി പാടുള്ളൂ എന്ന് എയര്‍ലൈനുകളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇതിനു പുറമെ, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍, മംഗലാപുരം വിമാനത്താവളങ്ങളിലേക്കുള്ളതും ഇവിടങ്ങളില്‍നിന്ന് ആരംഭിക്കുന്നതുമായ 32 സര്‍വീസുകളുടെ യാത്രാനിരക്ക് ഡി.ജി.സി.എ. എല്ലായ്പ്പോഴും നിരീക്ഷിക്കുന്നുണ്ട്. കൂടിയ നിരക്ക് ഈടാക്കുന്ന എയര്‍ലൈനുകളോടു നിരക്കു താഴ്ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഭ്യന്തര എയര്‍ലൈനുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഡി.ജി.സി.എ. വിളിച്ചുകൂട്ടിയിരുന്നു. ഡി.ജി.സി.എ. സജ്ജമാക്കിയ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. വിമാനടിക്കറ്റുകളുടെ പണം തിരിച്ചുനല്‍കല്‍, വിമാന സര്‍വീസുകളുടെ സമയക്രമം മാറ്റല്‍, വിമാന സര്‍വീസുകള്‍ പുനഃക്രമീകരിക്കല്‍, മറ്റു സാധ്യതകള്‍ തേടല്‍ എന്നീ കാര്യങ്ങളും പരിഗണിക്കുന്നുണ്ട്.