തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

കേന്ദ്ര സര്‍ക്കാര്‍ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. കാര്‍ഷിക ബില്ലുകള്‍ ഗുരുതര ഭരണഘടനാ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുവെന്നാണ് വിലയിരുത്തല്‍.

ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണ് കൃഷിയെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ ബില്‍ പാസാക്കിയത് ശരിയായ നടപടിയല്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ഷക ബില്ലിനെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, ഡല്‍ഹിയില്‍ പ്രതിപക്ഷം ബില്ലിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്.