തിരുവനന്തപുരം: സെക്രട്ടറിയറ്റിനു മുന്നിലെ സമരങ്ങള്‍ നേരിടാനായി എത്തിയ പൊലീസുകാരില്‍ വലിയൊരു വിഭാഗവും നിലയുറപ്പിച്ചത് യൂണിഫോമില്‍ നിന്ന് നെയിം-നമ്പര്‍ ബോര്‍ഡുകള്‍ നീക്കം ചെയ്ത ശേഷം. കഴിഞ്ഞ ദിവസങ്ങളിലെ സമരങ്ങളില്‍ ഏതാനും പൊലീസുകാര്‍ ഇത്തരത്തിലുണ്ടായിരുന്നെങ്കില്‍ ഇന്നലെ കൂടുതല്‍ പൊലീസുകാര്‍ തങ്ങളുടെ പേരും പദവിയും വ്യക്തമാക്കുന്ന നെയിം ബോര്‍ഡും നമ്പര്‍ വ്യക്തമാക്കുന്ന നമ്പര്‍ ബോര്‍ഡും ഒഴിവാക്കി.

എന്നാല്‍ സംഭവം പൊലീസ് ചട്ടത്തിനു വിരുദ്ധമാണ്. ലാത്തിച്ചാര്‍ജുമായി പ്രതിപക്ഷ നേതാക്കളെ ഉള്‍പ്പെടെ നേരിടേണ്ടി വരുമ്പോള്‍ തങ്ങളെ പേരുകൊണ്ടു തിരിച്ചറിയാതിരിക്കാനാണു നെയിം ബോര്‍ഡ് ഒഴിവാക്കുന്നത്. ഹെല്‍മറ്റും മാസ്‌ക്കും ഉള്ളതിനാല്‍ ചിത്രങ്ങളിലും വീഡിയോകളിലും അടക്കം പൊലീസുകാരുടെ മുഖം വ്യക്തമാവാറില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് സമരക്കാരില്‍ ചിലര്‍ ഇതിനെ ചോദ്യം ചെയ്തിരുന്നു.

ക്യാംപുകളില്‍ കഴിയുന്ന ബറ്റാലിയനുകളിലെ പൊലീസുകാര്‍ക്കു സാധാരണ നമ്പര്‍ ബോര്‍ഡാണ് യൂണിഫോമിലുള്ളത്. ഇവര്‍ക്ക് വെളുത്ത ബെല്‍റ്റുമാണ്. സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണു പേരും സ്ഥാനവും വ്യക്തമാക്കുന്ന നെയിം ബോര്‍ഡുള്ളത്.