സില്‍വര്‍ ലൈനല്ല, കമ്മീഷന്‍ റെയിലാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജപ്പാനിലെ ജൈക്കയില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് കമ്മീഷന്‍ തട്ടാനുള്ള ഗൂഢശ്രമമാണ് പദ്ധതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രാചരണത്തിന് ഇറങ്ങിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനരോഷം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കല്ലിടേണ്ടെന്ന ഉത്തരവിറക്കിയത്.  എന്നാല്‍ ഈ ഉത്തരവിന് വിരുദ്ധമായി, വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാര്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കാനുള്ള കൗശലമായിരുന്നു കല്ലിടലെന്നും കല്ലിടുന്ന ഭൂമിയില്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ പോലും ഒരു ബാങ്കും ലോണ്‍ കൊടുക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

അത് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുമെന്നതു കൊണ്ടാണ് കല്ലിടരുതെന്ന് യു.ഡി.എഫ് പറഞ്ഞത്. എന്നാല്‍ എന്ത് എതിര്‍പ്പുണ്ടായാലും കല്ലിടുമെന്ന ധിക്കാരം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കല്ലിടുന്നതിന്റെ പേരില്‍ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചതെന്ന് അദ്ദേഹം ചോദിച്ചു. വയോധികന്റെ നാഭിയില്‍ ചവിട്ടുകയും സ്ത്രീയെ റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. നിരപരാധികളെ ജയിലില്‍ അടച്ചു. കല്ലിടല്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ കള്ളക്കേസുകള്‍ പിന്‍വലിക്കാനും സര്‍ക്കാര്‍ തയാറാകണം. കല്ലിടേണ്ടെന്ന തീരുമാനം കെറെയില്‍ വിരുദ്ധ സമരത്തിന്റെ ഒന്നാം ഘട്ട വിജയമാണ്. ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് വരെ യു.ഡി.എഫ് സമരം തുടരുമെന്ന് വിഡി സതീശന്‍ ഓര്‍മിപ്പിച്ചു.

പ്രതിപക്ഷമോ പൊതുജനങ്ങളോ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാത്ത പൗരപ്രമുഖരുമായി സംവദിച്ച് എങ്ങിനെയും പദ്ധതി നടപ്പിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും ദയനീയമായി പരാജയപ്പെട്ടു. ജലശാസ്ത്രപരമായി അതീവ ലോലമായ 164 ഇടങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. ഇത് വെള്ളപൊക്കത്തിന് ഇടയാക്കുമെന്ന് തട്ടിക്കൂട്ടിയ ഡി.പി.ആറില്‍ തന്നെ പറയുന്നുണ്ട്. പാറയും മണ്ണും ലഭിക്കാത്തതിനാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തില്‍ സില്‍വര്‍ ലൈനിന് വേണ്ട പ്രകൃതി വിഭവങ്ങള്‍ എവിടെ നിന്നും ലഭിക്കുമെന്ന ചോദ്യത്തിനും ഉത്തരമില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

ഭൂമി നഷ്ടപ്പെടുന്നവര്‍ മാത്രമല്ല കേരളം ഒന്നാകെ സില്‍വര്‍ ലൈന്‍ ഇരകളായി മാറുമെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ട്. സ്വന്തം നാടിനെ തകര്‍ക്കാന്‍ ഒരു മലയാളിയും കൂട്ടുനില്‍ക്കില്ലെന്നതിന് തെളിവാണ് വീടുകളില്‍ മാത്രം ഒതുങ്ങിയിരുന്ന അമ്മമാരും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ കല്ലിടലിനെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയത്. സമൂഹിക, പാരിസ്ഥിതിക ആഘാത പഠനങ്ങളുടെ ഫലം എന്തു തന്നെ ആയാലും പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുകൊണ്ടു തന്നെ ജി.പി.എസ് സര്‍വെ നടത്തിയാലും അതിനെ യു.ഡി.എഫ് എതിര്‍ക്കും. ചെറിയൊരു ശതമാനം മാത്രമുള്ള വരേണ്യവര്‍ഗത്തിനു വേണ്ടിയാണ് കേരള ജനതയെ ഒന്നാകെ ജപ്പാനിലെ ജൈക്കയ്ക്ക് പണയം വയ്ക്കുന്നത്. കേരളം തകര്‍ന്നാലും വേണ്ടില്ല വികസനത്തിന്റെ മറവില്‍ കമ്മീഷന്‍ മാത്രമാണ് സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ലക്ഷ്യമെന്നും തിരുവന്തപുരത്തെ കണ്ണായ ഭൂമിയില്‍ സി.പി.എമ്മിന് പുതിയൊരു ഓഫീസ് കെട്ടിടം കൂടി ഉയരുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.