ബെംഗളൂരു: സ്ത്രീവേഷം കെട്ടി ഭിക്ഷയാചിച്ച യുവാവിനെ ട്രാന്‍സ്ജെന്‍ഡറുകള്‍ തല്ലിക്കൊന്നു. ബെംഗളൂരു നൈസ് റോഡിലാണ് രാമനഗര സ്വദേശിയായ രാജേന്ദ്രകുമാറിനെ ( 32) മര്‍ദനമേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 14നായിരുന്നു സംഭവം. ആദ്യഘട്ടത്തില്‍ വാഹനാപകടമാണെന്നായിരുന്നു പൊലീസിന്റെ നിഗമനം.തുടര്‍ന്ന് മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് ക്രൂരമായി മര്‍ദനമേറ്റതായി കണ്ടെത്തിയതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളായ ദേവി എന്ന അശോക് കുമാര്‍ (26), നിത്യ എന്ന രാമകൃഷ്ണ (24), ഭാവന എന്ന അബ്ദുള്‍ ( 31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ട്രാന്‍സ്ജെന്‍ഡര്‍ എന്ന വ്യാജേന തങ്ങളുടെ പ്രദേശത്ത് രാജേന്ദ്രകുമാര്‍ ഭിക്ഷയാചിച്ചതാണ് ട്രാന്‍സ്ജെന്‍ഡറുകളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നൈസ് റോഡിന് സമീപം രാജേന്ദ്രകുമാര്‍ ഭിക്ഷയാചിക്കുന്നത് പ്രദേശത്തെ ട്രാന്‍സ്ജെന്‍ഡറുകള്‍ നേരത്തേ വിലക്കിയിരുന്നു. തങ്ങളുടെ വരുമാനം കുറയുമെന്ന ധാരണയിലായിരുന്നു ഇത്.

എന്നാല്‍ സംഭവ ദിവസം രാത്രി രാജേന്ദ്രകുമാര്‍ വീണ്ടും പ്രദേശത്ത് ഭിക്ഷയാചിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ട്രാന്‍സ്ജെന്‍ഡറുകള്‍ ഇയാളെ ബലമായി പിടികൂടി തങ്ങളുടെ വീട്ടിലെത്തിക്കുകയായിരുന്നു. വിഗ്ഗ് ഇളകിവന്നതോടെ സ്ത്രീവേഷം കെട്ടിയത് പുരുഷനാണെന്ന് വ്യക്തമാകുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. മരണമുറപ്പാക്കിയ ശേഷം മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.