കൊച്ചി: ഹോം ഗ്രൗണ്ടിലും കേരള ബ്ലാസ്റ്റേഴ്‌സിന് രക്ഷയില്ല. മൂന്നാം സീസണിലെ രണ്ടാം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. 53ാം മിനുറ്റില്‍ ഹവിയര്‍ ഗ്രാന്ദെ ലാറയാണ് കൊല്‍ക്കത്തയ്ക്കായി വിജയഗോള്‍ നേടിയത്. ലാറയുടെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഡിഫന്റര്‍ സന്ദേശ് ജിങ്കാന്റെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തുകയായിരുന്നു.

ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്കിന് അനങ്ങാന്‍ പോലും അവസരം നല്‍കാതെയാണ് പന്ത് വലയിലെത്തിയത്. എണ്ണം പറഞ്ഞ നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേ്‌ഴ്‌സിന് ലഭിച്ചത്. എന്നാല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. കൊച്ചിയില്‍ ഞായറാഴ്ച ഡല്‍ഹി ഡൈനമോസുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.