കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ സമാന രീതിയില്‍ വീണ്ടും ഓടികൊണ്ടിരിക്കുന്ന കാറില്‍ യുവനടിക്കു പീഡനം. തെലുങ്കിലെ പുതുമുഖ നടിയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് തെലുങ്ക് സംവിധായകന്‍ തമ്മാറെഡ്ഡി ചലപതി റാവു, നടന്‍ സൃജന്‍ എന്നിവര്‍ക്കെതിരെ നടി പൊലീസില്‍ പരാതി നല്‍കി. ഈ മാസം 13നാണ് സംഭവം നടന്നതെന്നാണ് നടി പറയുന്നത്. സിനിമാ ചിത്രീകരണം നടക്കുന്ന സ്ഥലമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭീമാവാരത്തേക്കു കൂട്ടിക്കൊണ്ടുപോയെന്നും യാത്രക്കിടയില്‍ കാറില്‍ വെച്ച് സംവിധായകനും നടനും ചേര്‍ന്ന് ആക്രമിച്ചതായും നടി പരാതിയില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് നടി പരാതിയില്‍ പറയുന്നത് ഇങ്ങനെ:
ഷൂട്ടിങിനായി 13ന് ഭീമാവാരത്തെത്താനായിരുന്നു നിര്‍ദേശം. ഹൈദരാബാദില്‍ നിന്നും ട്രയിന്‍ മാര്‍ഗം അങ്ങോട്ട് പോകാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ സംവിധായകനും നടനും കാറില്‍ അവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ നിര്‍ബന്ധിച്ചു.

വിജയവാഡ എത്തിയതോടെ അവര്‍ മോശമായി പെരുമാറുകയായിരുന്നു. ശക്തമായി എതിര്‍ത്തതോടെ തന്നെ പിന്‍സീറ്റിലേക്ക് തള്ളിയിട്ട ശേഷം ക്രൂരമായി ആക്രമിച്ചു. ചലപതിയാണ് കാര്‍ ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിച്ചു.

സാരമായി പരിക്കേറ്റ തന്നെ സുഹൃത്തുക്കള്‍ എത്തിയാണ് ആസ്പത്രിയില്‍ എത്തിച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ തകര്‍ക്കുമെന്ന് സംവിധായകനും നടനും ഭീഷണിപ്പെടുത്തിയതായും നടി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ചലപതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ കഴിയുന്ന സൃജനെ ഇതുവരെ പിടികൂടാനായിട്ടില്ല.