തിരുവനന്തപുരം: ഭൂമി കയ്യേറ്റത്തില്‍ ആരോപണ വിധേയരായ മന്ത്രി തോമസ് ചാണ്ടിയെയും പി.വി അന്‍വര്‍ എംഎല്‍എയെയും പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇരുവരെയും പിന്തുണച്ച് സംസാരിച്ചത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. റിസോര്‍ട്ടിനായി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ല. പ്ലാസ്റ്റിക് ബോയ്് കെട്ടിയത് പോളയും മാലിന്യവും തടയാന്‍ മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, തോമസ് ചാണ്ടിക്കും അന്‍വറിനുമെതിരായ കയ്യേറ്റ ആരോപണത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ടി ബല്‍റാമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ നിലപാടെടുത്തു. ഒന്നിലധികം വിഷയം ഒന്നിച്ച് പ്രതിപാദിക്കാന്‍ പാടില്ലെന്നാണ് ചട്ടമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.