കൊച്ചി: 2020 ആഗസ്റ്റ് 28ന് കൊച്ചിക്ക് മുകളില്‍ സ്‌പൈസ് ജെറ്റിന്റെയും ഖത്തര്‍ എയര്‍വേഴ്‌സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്ന് ഒഴിവായത് 30 സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരുന്നുവെന്ന് സംഭവം അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്രത്തിന് സമര്‍പ്പിച്ചു.

സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പൈസ്‌ജെറ്റ് പൈലറ്റുമാര്‍ക്കാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മലയാളി മാധ്യമ പ്രവര്‍ത്തകനും ഏവിയേഷന്‍ അനലിസ്റ്റുമായ ജേക്കബ് കെ. ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

2020 ഓഗസ്റ്റ് 28 ന് വൈകുന്നേരം നാലേകാലോടെ കൊച്ചി വിമാനത്താവളത്തിന് നാലായിരമടി മീതെ രണ്ടുയാത്രാവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിയില്‍ നിന്ന് ഒഴിവായത് ഏകദേശം 30 സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരുന്നു.

കരിപ്പൂരില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം തകര്‍ന്ന് കൃത്യം മൂന്നാഴ്ചയ്ക്കു ശേഷം, കൊച്ചിയില്‍ സ്‌പൈസ് ജെറ്റിന്റെ ഫ്‌ളൈറ്റ് നമ്പര്‍ എസ്ഇഎച്ച് 7077 ബാംഗ്ലൂര്‍കൊച്ചി ബൊമ്പാര്‍ഡിയര്‍ വിമാനവും ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യൂടിആര്‍ 7477 ദോഹകൊച്ചി എയര്‍ബസ് എ320 വിമാനവും വന്‍വിപത്തിന്റെ വക്കോളമെത്തിയ സംഭവം അന്വേഷിച്ച് എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഈ തിങ്കളാഴ്ച.

‘ഗുരുതരമായ സംഭവം’ എന്ന ഗണത്തില്‍പ്പെടുത്തി നടത്തിയ അന്വേഷണത്തിനൊടുവില്‍, എഎഐബിയുടെ കുഞ്ജ് ലതയും അമിത് കുമാറും കണ്ടെത്തിയത് ഇതാണ്

സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പൈസ്‌ജെറ്റ് പൈലറ്റുമാര്‍ക്കാണ്.

കൊച്ചിയിലെ വ്യോമഗതാഗത നിയന്ത്രകന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയും ലാന്‍ഡ് ചെയ്യാന്‍ വിമാനത്താവളത്തെ സമീപിക്കുമ്പോള്‍ പറന്നു നില്‍ക്കേണ്ടിയിരുന്ന ഉയരം മുന്‍ കൂട്ടി സെറ്റു ചെയ്യാന്‍ മറന്നും, രണ്ടുവിമാനങ്ങളിലുമായുണ്ടായിരുന്ന ഇരുനൂറിലേറെപ്പേരുടെ ജീവന്‍ അപകടത്തിലാക്കുകയായിരുന്നു, സ്‌പൈസ്‌ജെറ്റ് വിമാനം പറത്തിയിരുന്നവര്‍.

2020 ഓഗസ്റ്റ് മാസം 28 ന് വൈകുന്നേരം നാലേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിനു മീതേ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിക്ക് സെക്കന്‍ഡുകള്‍ക്കടുത്തെത്തിയത് ഇങ്ങിനെ

ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നടുത്തുകൊണ്ടിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനം കൊച്ചി അപ്രോച്ച് കണ്‍ട്രോളുമായി ബന്ധപ്പെടുന്നത് വൈകുന്നേരം നാലു മണിയാകാന്‍ ഒരു മിനിറ്റുള്ളപ്പോഴാണ്. പതിന്നാലായിരം അടിയിലേക്ക് താഴാന്‍ കണ്‍ട്രോളര്‍ വിമാനത്തിന് അനുമതി കൊടുത്തു. 20,000 അടിയില്‍ നിന്ന് 15,000 അടിയിലേക്ക് താഴുന്നു എന്ന്, ദാഹയില്‍ നിന്നു പറന്നെത്തി കൊച്ചിയെ സമീപിക്കുകയായിരുന്ന ഖത്തര്‍ എയര്‍വെയ്‌സ് ഫ്‌ളൈറ്റ് 7077 അപ്രോച്ച് കണ്‍ട്രോളിനെ അറിയിക്കുന്നത് മൂന്നു മിനിറ്റിനു ശേഷം. 11,000 അടിയിലേക്ക് താഴാനും റണ്‍വേയില്‍ കിഴക്കു നിന്ന് പടിഞ്ഞാറേക്കുള്ള (റണ്‍വേ 27) ഇന്‍സ്ട്രമെന്റ് ലാന്‍ഡിങ്ങിന് തയ്യാറാകാനും ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തോടു പറഞ്ഞ കണ്‍ട്രോളര്‍ അതിനു മുമ്പു തന്നെ, റണ്‍വേ 27 ലേക്കു തന്നെ ഐഎല്‍എസ് ലാന്‍ഡിങ്ങു നടത്താന്‍ പതിനായിരം അടിയിലേക്കിറങ്ങണമെന്ന് സ്‌പൈസ് ജെറ്റിനോടു പറഞ്ഞിരുന്നു. റണ്‍വേയില്‍ നിന്ന് 38 മൈല്‍ അകല സ്‌പൈസ്‌ജെറ്റ് എത്തിയതിനു ശേഷം, നാലു 4.09 ന്, ആറായിരം അടിയിലേക്ക് താഴ്ന്നുകൊള്ളാന്‍ ഖത്തര്‍ എയര്‍വെയ്‌സിന് കണ്‍ട്രോളര്‍ നിര്‍ദ്ദേശം കൊടുത്തു. സ്‌പൈസ്‌ജെറ്റിനോട് 5100 അടിയിലെത്താനും ഒപ്പം പറഞ്ഞു. നാലു പതിനൊന്നാകുമ്പോള്‍ വീണ്ടുംതാഴ്ന്ന് നാലായിരം അടിയിലേക്കു പോകാനും നിര്‍ദ്ദേശം നല്‍കി. ഇതേസമയം, സ്‌പൈസ്‌ജെറ്റിനു ശേഷം അതേ റണ്‍വേയിലേക്കിറങ്ങാനുള്ള ഊഴം കാത്ത് ആറായിരം അടിയില്‍ തന്നെ നിര്‍ത്തിയിരിക്കുകയായിരുന്നു ഖത്തര്‍ എയര്‍വെയ്‌സിനെ). നാലു പന്ത്രണ്ടിന്, മൂവായിരം അടിയിലേക്കിറങ്ങാനും, റണ്‍വേ മധ്യരേഖയുടെ നേര്‍ക്കാണ് പറക്കുന്നതെന്ന് വ്യക്തമാക്കുന്ന ലോക്കലൈസര്‍ സിഗ്‌നല്‍ കിട്ടിയാല്‍ പറയണമെന്നും പറഞ്ഞ് സ്‌പൈസ്‌ജെറ്റിനെ നിലത്തിറങ്ങിലിലേക്ക് നയിച്ച് ഖത്തര്‍ എയര്‍വെയ്‌സിനോട്, ഇനി അയ്യായിരം അടിയിലേക്കിറങ്ങാം എന്ന് നിര്‍ദ്ദേശം നല്‍കി. നാലേകാലായപ്പോള്‍ നാലായിരം അടിയിലേക്ക് താഴാനും അനുവദിച്ചു.

സ്‌പൈസ്‌ജെറ്റ് കാര്യങ്ങള്‍ അവതാളത്തിലാക്കിത്തുടങ്ങിയത് ഇവിടം മുതലാണ്.

ഒന്നാമതായി, മൂവായിരം അടി എന്ന ഉയരം കോക്പിറ്റില്‍ സെറ്റുചെയ്യാന്‍ (ALT SEL) പൈലറ്റുമാര്‍ മറന്നു. വിമാനം മൂവായിരം അടിയും കടന്ന് താഴേക്കു പോവുകയാണല്ലോ എന്നു ശ്രദ്ധിച്ച റഡാര്‍ കണ്‍ട്രോളര്‍ ്അക്കാര്യം അവരെ അറിയിക്കുമ്പോഴേക്ക് വിമാനം 2400 അടിയെത്തിയിരുന്നു. ഒരു സോറിയൊക്കെ പറഞ്ഞ് മൂവായിരത്തിലേക്ക് ഇപ്പോത്തന്നെ കയറുകയാണെന്നറിയിച്ച് സ്‌പൈസ്‌ജെറ്റ് പക്ഷേ മൂവായിരവും കടന്ന് 3634 അടിയിലെത്തി.

അപ്പോഴേക്കും, സമീപത്ത് വേറെ വിമാനമുണ്ട് എന്ന മുന്നറിയിപ്പു നല്‍കുന്ന ടിസിഎഎസ് ട്രാഫിക് അഡൈ്വസറി സിഗ്‌നല്‍ രണ്ടു വിമാനങ്ങളുടേയും കംപ്യൂട്ടര്‍ സംവിധാനം പുറപ്പെടുവിച്ചു കഴിഞ്ഞിരുന്നു. കൂട്ടിയിടിക്ക് 35 മുതല്‍ 48 സെക്കന്‍ഡ് വരെ സമയമുള്ളപ്പോഴാണ് ഈ മുന്നറിയിപ്പ് കിട്ടുക. നാലേകാല്‍ കഴിഞ്ഞ് 38 സെക്കന്‍ഡാകുമ്പോള്‍ 3700 അടിയിലെത്തിയ സ്‌പൈസ്‌ജെറ്റിനോട് ഉടനടി കയറ്റം നിര്‍ത്താനും, ഖത്തര്‍ എയര്‍വെയ്‌സിനോട് ആറായിരം അടിയിലേക്ക് പറന്നു കയറാനും കണ്‍ട്രോളര്‍ നിര്‍ദ്ദേശിച്ചു.

ഇതനിടെ, നാലേകാല്‍ കഴിഞ്ഞ് നാല്‍പ്പത്തിയഞ്ചു സെക്കന്‍ഡായപ്പോള്‍, രണ്ടുവിമാനങ്ങളുടെ കംപ്യൂട്ടറുകളും പൈലറ്റുമാര്‍ക്ക് രണ്ടാത്തേതും അവസാനത്തേതുമായ റസല്യൂഷന്‍ അഡൈ്വസറി (ഉടന്‍ മുകളിലേക്കു കയറുകയോ താഴേക്കിറങ്ങുകയോ ചെയ്യണമെന്ന നിര്‍ദ്ദേശം) കൊടുത്തു. ആ സമയം സ്‌പൈസ്‌ജെറ്റിന്റെ ഉയരം 4000 അടിയും ഖത്തര്‍ എയര്‍വെയ്‌സിന്റേത് 4498 അടിയും. 498 അടി വ്യത്യാസം.

ടിസിഎഎസ്ആര്‍എ മുന്നറിയിപ്പനുസരിച്ച് സ്‌പൈസ് ജെറ്റ് 3512 അടിയിലേക്കു താഴ്ത്തി അപകടം ഒഴിവാകുമ്പോള്‍ സമയം നാലു മണി പതിനാറു മിനിറ്റും മുപ്പത്തിയഞ്ചു സെക്കന്‍ഡും. അപകടം ഒഴിവായി എന്ന് ഖത്തര്‍ എയര്‍വെയ്‌സ് എട്ടു സെക്കന്‍ഡിനു ശേഷവും അറിയിച്ചു.

അപകടം വഴിമാറിപ്പോകുമ്പോള്‍ രണ്ടു വിമാനങ്ങളും തമ്മിലുണ്ടായിരുന്ന ഉയരവ്യത്യാസം 498 അടി, ദൂരവ്യത്യാസം 2.39 നോട്ടിക്കല്‍ മൈല്‍ അഥവാ 4.43 കിലോമീറ്റര്‍. കൂട്ടിയിടി നടക്കാന്‍ ബാക്കിയുണ്ടായിരുന്ന സമയം 30 സെക്കന്‍ഡില്‍ താഴെ.