ഷഹബാസ് വെള്ളില

മലപ്പുറം: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന ജനജാഗ്രത യാത്രയില്‍ നിന്നും ഇടത് എം.എല്‍.എ പി.വി അന്‍വറിനെ ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു. കൊടുവള്ളിയില്‍ വിവാദ വ്യവസായി കാരാട്ട് ഫൈസലിന്റെ ആഡംബര കാറില്‍ കയറി വിവാദത്തില്‍പ്പെട്ട കൊടിയേരി വിവാദം പേടിച്ചിട്ടാണ് അന്‍വറിനെ ഒഴിവാക്കിയതെന്ന് പാര്‍ട്ടിക്കാര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയാകുന്നു. വിവാദം കനത്തതോടെ വിശദീകരണവുമായി സി.പി.എം പാര്‍ട്ടിയും രംഗത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച്ചയാണ് കൊടിയേരി പങ്കെടുത്ത ജന ജാഗ്രത യാത്ര നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്നുപോയത്. എന്നാല്‍ ഒരു സ്ഥലത്തും പി.വി അന്‍വര്‍ എം.എല്‍.എ പങ്കെടുത്തിരുന്നില്ല. കക്കാടംപൊയിലിലെ അനധികൃത പാര്‍ക്കടക്കം നിരവധി വിവാദങ്ങളില്‍പ്പെട്ട അന്‍വറിനെതിരെ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. നിരവധി കേസുകളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ട നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ നിലമ്പൂരിലേയും പരിസരത്തേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്ന അമര്‍ഷമുണ്ട്. ഇതും അന്‍വറിനെ മാറ്റി നിര്‍ത്താന്‍ കാരണമായതായി ചൂണ്ടികാണിക്കപ്പെടുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടം തൊട്ടെ സി.പി.എം പ്രാദേശിക നേതൃത്വത്തിന് അന്‍വറിനോട് താല്‍പര്യമില്ല. എന്നാല്‍ ചില നേതാക്കളുടെ പൂര്‍ണ്ണ പിന്തുണയാണ് അന്‍വറിന് തുണയാകുന്നത്. നേതാക്കളുടെ വ്യക്തി താല്‍പര്യത്തിന് വേണ്ടി അന്‍വറിന് പാര്‍ട്ടിയെ തീറെഴുതികൊടുത്തിരിക്കുകയാണെന്ന്് ആരോപിച്ച് ചിലര്‍ രംഗത്തുവന്നതോടെ നിലമ്പൂരിലെ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഉടലെടുത്തിരിക്കുകയാണ്. ഇതിനിടയിലാണ് സി.പി.എം പാര്‍ട്ടി സെക്രട്ടറി നിലമ്പൂരിലേക്കെത്തിയത്. അന്‍വറിനെ പങ്കെടുപ്പിക്കുന്നത് പാര്‍ട്ടിക്കാരെ ചൊടിപ്പിക്കുമെന്നും ഇനിയും ഒരുവിവാദം വിളിച്ചുവരുത്തേണ്ടെന്നും കരുതിയാണ് അന്‍വറിനെ മാറ്റിയതെന്നും പറയപ്പെടുന്നുണ്ട്.

കൊടുവള്ളിയിലെ വിവാദം യാത്രയെ സാരമായി ബാധിച്ചുവെന്നതിന്റെ തെളിവുകൂടിയാണ് അന്‍വറിനെ ഒഴിവാക്കിയുള്ള കൊടിയേരിയുടെ നിലമ്പൂര്‍ യാത്ര തെളിയിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ യാത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും കാര്യമായ ചലനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍പോലും ഉണ്ടായിട്ടില്ല. കൊടുവള്ളിയില്‍ വിവാദ വ്യവസായിയുടെ കാറില്‍ സഞ്ചരിച്ചതോടുകൂടി പാര്‍ട്ടിക്കാര്‍ക്കിടയില്‍ നിന്നുകൂടി വിമര്‍ശനം ഉയര്‍ന്നതോടെ പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും പ്രതിരോധത്തിലായി. ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്നെ തന്നെയാണ് യാത്ര ജില്ലയിലെത്തിയത്. ഇതോടെ വിവാദങ്ങളെ ഭയന്ന് സ്വന്തം എം.എല്‍.എയെ പോലും യാത്രയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ട ഗതികേടിലായി പാര്‍ട്ടിയും സെക്രട്ടറിയും. കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിലമ്പൂര്‍ എം.എല്‍.എയുടെ അനധികൃത പാര്‍ക്കിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതും എം.എല്‍.എക്ക് വിനയായി. എന്നാല്‍ എം.എല്‍.എ പങ്കെടുക്കാത്തതിനെതിരെ വിശദീകരണവുമായി പാര്‍ട്ടി രംഗത്തുവന്നെങ്കിലും പാര്‍ട്ടിക്കാരെപ്പോലും ഇത് വിശ്വസിപ്പിക്കാനായിട്ടില്ല.