കൊടുവള്ളി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചുപോയ തെറ്റ് തിരുത്താനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് എം കെ രാഘവന്‍ എം പി. കൊടുവള്ളി നിയോജകമണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എം കെ മുനീറിന്റെ പ്രചാരണാര്‍ത്ഥം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ കൊടുവള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവിച്ചുപോയ അബദ്ധം ആചാരമാക്കാന്‍ ഒരിക്കലും അനുവദിക്കരുത്. ഈ തെരഞ്ഞെടുപ്പ് ഫലം വരുന്നത്തോടെ എല്‍ ഡി എഫിന്റെ അവസാന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറും. എല്‍ ഡി എഫിന്റെ ഭരണം കൊണ്ട് യാതൊരു നേട്ടവും മണ്ഡലത്തിനോ സംസ്ഥാനത്തിനോ ഉണ്ടായിട്ടില്ല. ഇതിന്റെ പ്രതികരമെന്നോളമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി മണ്ഡലത്തിലെ ആറില്‍ ആറ് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും യു ഡി എഫ് വിജയിച്ചു കയറിയതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് തവണ മന്ത്രിയായിരുന്ന കാലഘട്ടങ്ങളില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട പദ്ധതികള്‍ക്ക് രൂപം നല്‍കിയ വ്യക്തിത്വമാണ് എം കെ മുനീര്‍. ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കാന്‍ സാധിക്കുന്ന നായകനാണ് സി എച്ചിന്റെ മകന്‍ കൂടിയായ എം കെ മുനീര്‍. 2016 ല്‍ സംഭവിച്ച തെറ്റ് തിരുത്തുന്നതിനായി എം കെ മുനീറിന്റെ ഭൂരിപക്ഷം 50,000 ആയി ഉയര്‍ത്തണം. 13 നിയോജക മണ്ഡലങ്ങള്‍ കോഴിക്കോട് ജില്ലയിലുണ്ടെങ്കിലും രണ്ട് എം എല്‍ എമാര്‍ മാത്രമാണ് യു ഡി എഫിനുള്ളത്. അത് ഈ തെരഞ്ഞെടുപ്പില്‍ എട്ട് എം എല്‍ എമാരായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളി സി എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല മുഖ്യ പ്രഭാഷണം നടത്തി.

എം കെ മുനീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വലിയ അനുഗ്രഹമാണ് കൊടുവള്ളിയിലെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണം ജനങ്ങളലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിനൊരു മാറ്റം ഉണ്ടാകണമെങ്കില്‍ യു ഡി എഫ് അധികാരത്തില്‍ വരണം. സംസ്ഥാനത്തില്‍ യു ഡി എഫ് ഭരണത്തിലെത്തുന്നതോടെ ക്രമേണ കേന്ദ്രത്തിലും യു പി എ അധികാരത്തിലെത്തും.
ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കി വോട്ട് പിടിക്കുകയെന്ന ബി ജെ പി നയമാണ് എല്‍ ഡി എഫ് പിന്തുടരുന്നത്. ഇത് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ മനസ്സിലാക്കും. വര്‍ഗീയത എത്ര പറഞ്ഞാലും സംസ്ഥാനത്തെ ജനങ്ങള്‍ ഉള്‍ക്കൊള്ളില്ല. നിലവില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യമാണുള്ളത്. എങ്കിലും ചില സങ്കീര്‍ണമായ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഏവരും സൂക്ഷ്മതയോടെ തെരഞ്ഞെടുപ്പിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു.

പിതാവിനെ സ്‌നേഹിച്ചവരുടെ കുടുംബത്തിലേക്ക് വന്ന സന്തോഷമാണ് കൊടുവള്ളിയിലെത്തിയപ്പോഴുള്ളതെന്ന് എം കെ മുനീര്‍ പറഞ്ഞു. തന്നെ തിരഞ്ഞെടുക്കുന്നതിലൂടെ ഒരു കൊടുവള്ളിക്കാരനും തലകുനിക്കേണ്ടി വരില്ല. എല്ലാവര്‍ക്കും സന്തോഷം തരികയെന്നതാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പാര്‍ട്ടികളില്‍ നിന്ന് മുസ്ലിം ലീഗിലെത്തിയവര്‍ക്ക് എം കെ മുനീര്‍ മെമ്പര്‍ഷിപ്പ് നല്‍കി.

കെ സി അബു, എം എ റസാഖ് മാസ്റ്റര്‍, വി എം ഉമ്മര്‍ മാസ്റ്റര്‍, ലത്തീഫ് തുറയൂര്‍, ചോലക്കര മുഹമ്മദ് മാസ്റ്റര്‍, എന്‍ സി അബൂബക്കര്‍, സി കെ വി യൂസുഫ്, ഇബ്രാഹിം എളേറ്റില്‍, പി സി ഹബീബ് തമ്പി, സി ടി ഭരതന്‍ മാസ്റ്റര്‍, എം എം വിജയകുമാര്‍, പി പി കുഞ്ഞായിന്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, വേളാട്ട് മുഹമ്മദ് മാസ്റ്റര്‍, വി ഇല്യാസ്, കെ പി മുഹമ്മദന്‍സ്, എ പി മജീദ് മാസ്റ്റര്‍, യു കെ അബു, വി കെ അബ്ദുഹാജി, എം എ ഗഫൂര്‍, കെ കെ എ കാദര്‍, വെള്ളറ അബ്ദു, പി കെ മനോജ് കുമാര്‍, എം നസീഫ്, കെ ടി റഹൂഫ്, ദേവദാസ് കുട്ടന്‍പോര്‌സംസാരിച്ചു.
ടി കെ മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും വി ഇല്യാസ് നന്ദിയും പറഞ്ഞു.