കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയില്‍ ആറു വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസില്‍ അറസ്റ്റിലായ ഉണ്ണികുളം നെല്ലിപ്പറമ്പില്‍ രതീഷ് (32) ആണ് പൊലീസ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ രതീഷിന് പരിക്കേറ്റു.

നേപ്പാള്‍ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ ആറു വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം. അന്നേദിവസം പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വഴക്കിട്ട് കുട്ടിയുടെ അമ്മ നേപ്പാള്‍ സ്വദേശികള്‍ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയി.

രാത്രി ഇവരെ അന്വേഷിച്ച് അച്ഛന്‍ പോയ സമയത്താണ് പ്രതി വീട്ടില്‍ കടന്നുകയറി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ സമയത്ത് നാലും രണ്ടും വയസ്സുള്ള ഇളയ സഹോദരങ്ങളായ രണ്ട് ആണ്‍കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പീഡനത്തെതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.