Connect with us

Video Stories

ഭരണകൂടങ്ങള്‍ക്കെതിരായ മലപ്പുറത്തിന്റെ താക്കീത്

Published

on

കെ.പി.എ മജീദ്

ഇനിയെങ്കിലും മലപ്പുറത്തുകാരെ കല്ലെറിയുന്നത് അവസാനിപ്പിച്ച് അവരുടെ ഹൃദയ വികാരം ഉള്‍ക്കൊള്ളാന്‍ ഭരണകൂടങ്ങള്‍ക്കാവണം. യു.ഡി.എഫിന്റെ ആധികാരിക വിജയത്തെ വിലകുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിച്ചിട്ട് എന്തു ഫലം. പി.കെ കുഞ്ഞാലിക്കുട്ടി കേരള ചരിത്രത്തിലെ വലിയ രണ്ടാമത്തെ ഭൂരിപക്ഷമായ 171023 വോട്ടിന് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അതിന്റെ പ്രതിധ്വനി ഇന്ദ്രപ്രസ്ഥത്തില്‍ പ്രകമ്പനം കൊള്ളിക്കുന്നതാണ്. ബി.ജെ.പിയും സി.പി.എമ്മും നടത്തിയ വില കുറഞ്ഞ പ്രചാരണങ്ങളെ മലപ്പുറം ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനവിധിയെ വായിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് നേടിയതിനേക്കാള്‍ 77000 വോട്ടുകളാണ് യു.ഡി.എഫിന് അധികം ലഭിച്ചത്. 515330 വോട്ടുകള്‍ നേടിയെന്നത് ഒരു സര്‍വകാല റെക്കോര്‍ഡാണ്. ഏഴില്‍ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും മിന്നുന്ന ജയമാണ് യു.ഡി.എഫിനുണ്ടായത്. പെരിന്തല്‍മണ്ണയും മങ്കടയും ഭൂരിപക്ഷം നേടുമെന്ന എല്‍.ഡി.എഫ് നേതാക്കളുടെ വെല്ലുവിളി വെറുതെയായി. മങ്കടയിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്തത്.
മങ്കടയില്‍ 2014ല്‍ 59738 വോട്ട് ലഭിച്ച യു.ഡി.എഫിന് ഇത്തവണ 72850 വോട്ടുകളാണ് ലഭിച്ചത്. മഞ്ചേരിയിലും (2014: 64677, 2017: 73870), കൊണ്ടോട്ടിയിലും (2014: 65846, 2017: 76026), വള്ളിക്കുന്നിലും (2014: 55422, 2017: 65970), വേങ്ങരയിലും (2014: 60323, 2017: 73804) മലപ്പുറത്തും (2014: 72304, 2017: 84580) മാത്രമല്ല, പെരിന്തല്‍മണ്ണയില്‍ പോലും (2014: 59210,2017: 68225) ഈ മുന്നേറ്റം പ്രകടമാണ്. 2014ല്‍ 437723 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 515325 ആയി 77602 വോട്ടുകളുടെ വര്‍ധനയുണ്ടായെന്നത് നിസ്സാരമല്ല. എന്നാല്‍, 2014ലെ 194734 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 171038 ആയെന്ന് പ്രചരിപ്പിക്കുന്നവരുടെ മനസ്സിലിരിപ്പ് വേറെയാണ്.
പത്തുമാസം മുമ്പ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലുണ്ടായിരുന്ന യു.ഡി.എഫ് ഭൂരിപക്ഷവും ഇത്തവണത്തെ വര്‍ധനവും പരിശോധിക്കുമ്പോഴും കോടിയേരി പറഞ്ഞത് വിഴുങ്ങാതിരുന്നാല്‍ മതി. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയില്‍ 10654ല്‍ നിന്ന് 25904 ആയും മഞ്ചേരിയില്‍ 19616 നിന്ന് 22843ആയും വേങ്ങരയില്‍ 38057 ല്‍ നിന്ന് 40529 ആയും വള്ളിക്കുന്നില്‍ 12610 ല്‍ നിന്ന് 20677 ആയും വര്‍ധിച്ചത് ആകസ്മികമല്ലെന്ന് ഇടതര്‍ പലപ്പോഴും അട്ടിമറി നടത്തിയിട്ടുള്ള പെരിന്തല്‍മണ്ണയും മങ്കടയും അടിവരയിടുന്നുണ്ട്. മങ്കടയില്‍ 1508 വോട്ടിന്റെ യു.ഡി.എഫ് ലീഡാണ് 19262ആയി ഉയര്‍ന്നത്. പെരിന്തല്‍മണ്ണയിലാവട്ടെ 579ല്‍ 8527 ആയതും ആകസ്മികമല്ല. മലപ്പുറത്തെ ഭൂരിപക്ഷം 35672ല്‍ നിന്ന് 33281 ആയത് പര്‍വ്വതീകരിക്കുന്നവര്‍ 2016ല്‍ ലഭിച്ച 81072ല്‍ നിന്ന് 84580 ആക്കി ഉയര്‍ത്തിയതും പറയേണ്ടിവരും.
ലക്ഷം വോട്ടുകള്‍ 2014നെ അപേക്ഷിച്ച് എല്‍.ഡി.എഫിന് ഇത്തവണ അധികം ലഭിച്ചെന്ന് പുകമറ തീര്‍ക്കുന്നവര്‍ 2009ല്‍ 312343 വോട്ടുകള്‍ നേടിയവരാണ് അവരെന്ന വസ്തുത വിസ്മരിക്കുകയാണ്. 2009ല്‍ 427940 വോട്ടുകള്‍ നേടിയ യു.ഡി.എഫ് 2014ല്‍ 4,37,723 ആയും 2016 ല്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ 492575 ആയും ഇത്തവണ 5,15,325ആയും ഗ്രാഫുയര്‍ത്തിയപ്പോള്‍ കഴിഞ്ഞ തവണ പടുകുഴിയില്‍ വീണതിനെ ഇത്തവണ വിദ്യയാക്കുകയാണ്. 2009ല്‍ 312343 നേടിയവര്‍ കഴിഞ്ഞ തവണ 2,42,984 ലേക്ക് വീണത് പരമ്പരാഗതമായി അവര്‍ക്ക് ലഭിച്ചിരുന്ന വോട്ടുകളിലെ ചോര്‍ച്ചയോ വിട്ടുനില്‍ക്കലോ ആയിരുന്നു. ആ വിഭാഗത്തെ ബൂത്തിലെത്തിക്കാനായി എന്നതാണ് എല്‍.ഡി.എഫിന് ചെറിയ വോട്ടിങ് വര്‍ധന വരുത്തിയത്.
പക്ഷെ, പത്തുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍.ഡി.എഫിന് വന്‍ വോട്ടു ചോര്‍ച്ചയാണുണ്ടായതെന്ന വസ്തുത ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് വീമ്പിളക്കിയവര്‍ കണ്ടേ മതിയാവൂ. 2016 നിയമസഭാ തെരെഞ്ഞെടുപ്പില്‍ 373879 വോട്ട് നേടിയ എല്‍.ഡി.എഫിന് ഇപ്പോള്‍ ലഭിച്ചത് 344287 വോട്ടുകള്‍ മാത്രമാണ്. 29592 വോട്ടുകള്‍ ഒരു വര്‍ഷത്തിനിടെ നഷ്ടപ്പെടുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ഉപദേശകര്‍ മതിയാവില്ല. അരി തരാത്ത, സൈ്വര്യ ജീവിതം തകര്‍ത്ത പിണറായി സര്‍ക്കാറിനു നേരെയാണ് മലപ്പുറം ജനത ചൂണ്ടുവിരല്‍ പ്രയോഗിച്ചത്.
ആറിരട്ടി വോട്ടുകളോടെ മോദിയുടെ നയങ്ങള്‍ക്കുള്ള പിന്തുണ പ്രകടമാകുമെന്നും താമര വിരിഞ്ഞാലും അല്‍ഭുതപ്പെടാനില്ലെന്നും കൊട്ടിഘോഷിച്ച ബി.ജെ.പിക്ക് കനത്ത പ്രഹരം തന്നെയാണ് ലഭിച്ചത്. ലക്ഷത്തിലേറെ വോട്ടുകള്‍ ഉറപ്പാണെന്ന് തെരഞ്ഞെടുപ്പിന് ശേഷവും പരസ്യമായി മനസ്സ് തുറന്ന സംഘ്പരിവാരത്തെ ഇലയുംകൂട്ടി മലപ്പുറം പുറത്തേക്കിട്ടു എന്നത് പ്രബുദ്ധ കേരളത്തിന്റെ കണ്ണാടിയാണ്. ഒടുവില്‍ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും സര്‍ക്കാര്‍ ഉണ്ടാക്കിയ ആത്മവിശ്വാസവുമായാണ് മോദിപ്രഭാവത്തിന്റെയും ഹലാല്‍ മാട്ടിറച്ചിയുടെയും ഇരുതല മൂര്‍ച്ചയുള്ള വാളുമായി സംഘ്പരിവാര്‍ മലപ്പുറത്ത് റോന്തു ചുറ്റിയത്. ദേശീയ നേതാക്കള്‍ ക്യാമ്പ് ചെയ്ത് ചില വന്‍കിട മാധ്യമങ്ങളുടെ ഒത്താശയോടെ നടത്തിയ കോലാഹലങ്ങള്‍ ആരും മുഖവിലക്കെടുത്തില്ല എന്നു തന്നെയാണ് ജനവിധിയുടെ മഹാപ്രഖ്യാപനം. വര്‍ഗീയതയും പ്രതിവര്‍ഗീയതയും ഒരുപോലെ ചെറുത്തു തോല്‍പിച്ച മലപ്പുറം കേരളത്തിന്റെ അന്തസ്സ് നിലനിര്‍ത്തുകയായിരുന്നു. രാഷ്ട്രീയമായി യു.ഡി.എഫ് നേടിയ ഈ ചരിത്ര വിജയം ഭരണകൂടങ്ങളുടെ ഉറക്കം കെടുത്താന്‍ പോന്നതു തന്നെയാണ്.
ഒരു പാര്‍ലമെന്റ് മണ്ഡലമാകെ യു.ഡി.എഫിനൊപ്പം ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജനപക്ഷ രാഷ്ട്രീയത്തിന്റെയും ദേശീയ തലത്തിലെ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെയും നിലപാടാണ് പ്രഖ്യാപിച്ചത്. ഒരേ സമയം ഫാഷിസത്തിലേക്ക് നീങ്ങുന്ന സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങള്‍ക്കെതിരായ താക്കീതാണിത്. ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്.ഡി.പി.ഐ നിലപാട് വ്യക്തമാക്കാതിരിക്കുകയും ചെയ്തപ്പോള്‍ മുന്‍ തെരഞ്ഞെടുപ്പുകളുടെ തനിയാവര്‍ത്തനമായി മഅ്ദനിയുടെ പി.ഡി.പി ഇത്തവണ പരസ്യമായി തന്നെ എല്‍.ഡി.എഫിനായിരുന്നു പിന്തുണ നല്‍കിയത്. എന്നിട്ടും മുസ്‌ലിം നാമമുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇരുട്ടുമുറിയില്‍ കരിമ്പൂച്ചയെ തെരയുന്നത് പോലെ വര്‍ഗീയ ധ്രുവീകരണമെന്നമെന്ന് പ്രതികരിക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.
മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും ഉള്‍പ്പെട്ട യു.ഡി.എഫ് മുന്നണി ദേശീയ-സംസ്ഥാന രാഷ്ട്രീയം പറഞ്ഞു നേടിയ ആധികാരിക വിജയവുമായാണ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകുന്നത്. ബീഫും സദ്ദാമും ഉപയോഗിച്ച് മുമ്പ് പിന്‍വാതില്‍ വഴി വിജയം തട്ടിപ്പറിച്ചവരെ തിരിച്ചറിയാന്‍ മലപ്പുറത്തിന്റെ ജനാധിപത്യ മനസ്സ് പക്വമായിരിക്കുന്നു എന്ന വിളംബരവും കൂടിയാണ് ഈ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം. കേരള ചരിത്രത്തില്‍ ഏറ്റവുമധികം വോട്ടുനേടുന്നതും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടിയതും നിസ്സാരമല്ല. ഏറ്റവും വലിയ ഒന്നാമത്തെ ഭൂരിപക്ഷം നേടിയ ഇ അഹമ്മദിന്റെ പിന്‍ഗാമിയായാണ് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending