ശ്യാംലാല്‍ എം

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തോളം വോട്ടു നേടുമെന്ന് വീമ്പിളക്കിയ ബി.ജെ.പിക്ക് പ്രബുദ്ധ ജനത നല്‍കിയത് കനത്ത തിരിച്ചടി. പാര്‍ട്ടി രണ്ടാം സ്ഥാനത്തായിരിക്കുമെന്നും മൂന്നാം സ്ഥാനം കൊണ്ട് ഇടതു മുന്നണി തൃപ്തിപ്പെടേണ്ടി വരുമെന്നു വരെ ഒരു ഘട്ടത്തില്‍ പ്രചാരണം നടത്തിയവരാണ് ഫലം പുറത്തുവന്നപ്പോള്‍ ഇളിഭ്യരായത്. കഴിഞ്ഞ തവണത്തേക്കാള്‍ 81, 829 വോട്ട് അധികമായി രേഖപ്പെടുത്തിയെങ്കിലും ഇത്തവണ ബി.ജെ.പിക്ക് നേടാനായത് 65675 വോട്ടുകള്‍ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ അധികമായി ലഭിച്ചത് 957 വോട്ടുകളാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ 64, 705 വോട്ടുകളായിരുന്നു അന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയിരുന്ന എന്‍ ശ്രീപ്രകാശ് നേടിയത്. ഇത്തവണ തന്റെ അക്കൗണ്ടിലേക്ക് കാര്യമായി ഒന്നും ചേര്‍ക്കാന്‍ ശ്രീപ്രകാശിന് കഴിഞ്ഞില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് പിന്നിട്ട് ഒരു വര്‍ഷം തികയുന്നതിന് മുമ്പെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് നല്‍കിയത്. അവര്‍ക്ക് ഒരു വര്‍ഷത്തിനിടെ നഷ്ടമായത് ഏഴായിരത്തിലേറെ വോട്ടുകളാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ താരതമ്യത്തിലാണ് അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി 7775 വോട്ടുകള്‍ ബി.ജെ.പിക്ക് നഷ്ടമായതായി വ്യക്തമാകുന്നത്.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് വോട്ടുകള്‍ വര്‍ധിച്ചത്. ഇതാകട്ടെ നാമമാത്രമുള്ള വര്‍ധനയും. കൊണ്ടോട്ടി, മഞ്ചേരി, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ വോട്ടുകള്‍ നഷ്ടമാകുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി എടുത്തുകാട്ടിയ വള്ളിക്കുന്ന് മണ്ഡലത്തില്‍ 17,190 വോട്ടുകള്‍ മാത്രമെ അവര്‍ക്ക് നേടാനായുള്ളു. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനചന്ദ്രന്‍ മാസ്റ്ററിലൂടെ 22,887 വോട്ടുകളാണ് ബി.ജെ.പി ഇവിടെ നിന്നും കരസ്ഥമാക്കിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 1928 വോട്ടുകള്‍ വള്ളിക്കുന്നില്‍ നിന്നും കൂടുതല്‍ നേടാനായി എന്നത് മാത്രമായിരിക്കാം ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന് ആശ്വസിക്കാനുള്ള ഏകവഴി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടപ്പോഴാണ് മലപ്പുറത്ത് ജയിച്ചാല്‍ ഹലാലായ ബീഫ് കഴിക്കാന്‍ ലഭ്യമാക്കുമെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന്റെ പ്രസ്താവന എത്തുന്നത്. ദേശീയ തലത്തില്‍ തന്നെ ബി.ജെ.പി ഇതിനെ തുടര്‍ന്ന് പ്രതിരോധത്തിലാകുകയും ശിവസേനയുള്‍പ്പെടെയുള്ളവര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശ്രീപ്രകാശ് നിലപാട് തിരുത്തി. ഇതിന് പിന്നാലെ പശുവിനെ കൊല്ലാന്‍ കേരളത്തില്‍ അനുവദിക്കില്ലെന്നും ധൈര്യമുള്ളവരെ വെല്ലുവിളിക്കുന്നെന്നും വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും രംഗത്തെത്തി. ഇത്തരത്തില്‍ ബീഫും ഗോ വധവും കത്തിക്കാന്‍ ശ്രമിച്ച ബി.ജെ.പിയുടെ നിലപാടുകള്‍ക്കുള്ള തിരിച്ചടി കൂടിയാണ് മലപ്പുറത്ത് നഷ്ടമായ വോട്ടുകള്‍.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സീറ്റ് വിഹിതം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത ദേശീയ എക്‌സിക്യൂട്ടീവ് കഴിഞ്ഞു മണിക്കൂറുകള്‍ക്കകം പുറത്തുവന്ന നാണംകെട്ട തെരഞ്ഞെടുപ്പ് പരാജയത്തിനാണ് പാര്‍ട്ടി സാക്ഷിയായത്. എന്തുവില കൊടുത്തും ദക്ഷിണേന്ത്യയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ദൗത്യം എറ്റെടുത്ത അമിത് ഷാക്ക് ഒര്‍ക്കാപ്പുറത്ത് ലഭിച്ച അടിയാണ് മലപ്പുറത്തേത്. മുക്കാല്‍ ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍, കേന്ദ്ര ഭരണത്തിന്റെ പിന്‍ബലം, ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ സംയോജിച്ച പ്രചാരണം, കേന്ദ്രമന്ത്രിയായി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് തുടങ്ങിയ അനുകൂല ഘടകങ്ങളേറെ ഉണ്ടായിട്ടും ആകെ അധികം കിട്ടിയത് ആയിരത്തില്‍ താഴെ വോട്ടു മാത്രം.