kerala

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്ക്

By Akhila

January 29, 2026

വെഞ്ഞാറമൂട്: എം.സി റോഡില്‍ വെമ്പായത്തിന് സമീപം മഞ്ചാടിമൂട്ടില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഒന്‍പതിനായിരുന്നു അപകടം. ഫാസ്റ്റ് പാസഞ്ചര്‍ ബസും ലിങ്ക് ബസുമാണ് തമ്മില്‍ കൂട്ടിയിടിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് മഞ്ചാടിമൂട്ടില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടെ പിന്നാലെ എത്തിയ ലിങ്ക് ബസ് ഇടിച്ച് കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലിങ്ക് ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ മൂന്നു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഏഴുപേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടതായി അധികൃതര്‍ അറിയിച്ചു