കൊച്ചി: മോദി ഭരണത്തില്‍ രാജ്യത്ത് കടുത്ത പ്രതിഷേധത്തിന് കാരണമാകുന്ന പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു. പെട്രോള്‍ വിലവര്‍ധനയെക്കുറിച്ചുള്ള നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരേയാണ് കെഎസ്യുവിന്റെ പ്രതീകാത്മക പ്രതിഷേധം നടന്നത്.

കണ്ണന്താനത്തിന് സൗജന്യമായി കക്കൂസ് പണിയാന്‍ പണം സമാഹരിച്ചായിരുന്നു കൊച്ചിയില്‍ കെഎസ്യുവിന്റെ പ്രതിഷേധം.
കെ.എസ്.യു മഹാരാജാസ് കോളജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം കൊച്ചി ഗാന്ധി സ്‌ക്വയറിനു സമീപമുള്ള പെട്രോള്‍ പമ്പിലേക്ക് പ്രകടനമായെത്തി. തുടര്‍ന്ന് പ്രതീകാത്മക കക്കൂസ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനായി പെട്രോള്‍ പമ്പിന് സമര്‍പ്പിച്ചു.

ddപെട്രോള്‍ വിലവര്‍ധനയെക്കുറിച്ചുള്ള നിരുത്തരവാദപരമായ പ്രസ്താവന പിന്‍വലിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മാപ്പുപറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെഎസ്യു പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്ധന വിലവര്‍ധനയിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മിക്കാനാണെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം.