ഹൈദരാബാദ്: കര്‍ണാടകയില്‍ നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നത് തെലുങ്കാനയെന്ന് റിപ്പോര്‍ട്ട്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ട് അടവും പയറ്റാന്‍ ബി.ജെ.പി ഒരുങ്ങുന്നതായാണ് വിവരം. ഇതിനായി പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നതായി തെലുങ്കാന ബി.ജെ.പി പ്രസിഡന്റ് കെ.ലക്ഷ്മണ്‍ വ്യക്തമാക്കി. എന്നാല്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട തെലുങ്കാനയില്‍ വിലപ്പോവില്ലെന്ന് ഐ.ടി മന്ത്രി കെ.ടി രാമറാവു പ്രതികരിച്ചു.

ഹൈദരാബാദ് സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലുങ്കാനയില്‍ കെ.ചന്ദ്രശേഖര റാവു തന്നെ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

കുതിരക്കച്ചവടം ഉള്‍പ്പെടെ കര്‍ണാടകയില്‍ തരംതാഴ്ന്ന രാഷ്ട്രീയ നീക്കം നടത്തിയ ബി.ജെ.പി തെലുങ്കാനയിലും അത്തരത്തില്‍ നീക്കവുമായി വരുമെന്ന് ഉറപ്പാണ്. എന്നാല്‍ അതിനെ തെലുങ്കാന രാഷ്ട്രസമിതി ചെറുത്തു തോല്‍പ്പിക്കുമെന്നും രാമറാവു പറഞ്ഞു.