ഓള്‍ഡ് ട്രാഫോഡ്: അലക്‌സി സാഞ്ചസ് എന്ന ചിലിക്കാരന്‍ ഇനി മുതല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പന്‍ കുപ്പായത്തില്‍. ആഴ്‌സണില്‍ നിന്നും എത്തിയ സാഞ്ചസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാറില്‍ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം സാഞ്ചസ് മെഡിക്കലിന് ഹാജരായിരുന്നു. ഇന്നലെ അദ്ദേഹം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍കാല കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസണെ കണ്ടു. ക്ലബ് ഓഫീസും സന്ദര്‍ശിച്ചു. വര്‍ക്ക് പെര്‍മിറ്റും നേടി.


2014ല്‍ ബാഴ്‌സലോണ വിട്ട് ആഴ്‌സണലില്‍ എത്തിയ സാഞ്ചസ് പക്ഷെ തന്റെ കരാര്‍ പിന്നീട് പുതുക്കാന്‍ തയ്യാറായിരുന്നില്ല. 2014 ഇല്‍ അടുത്ത ജൂണില്‍ കരാര്‍ തീരുന്ന താരത്തെ വെറുതെ നഷ്ടമാവും എന്നറിയാവുന്ന ആഴ്‌സണല്‍ ജനുവരിയില്‍ തന്നെ താരത്തെ വില്‍ക്കാന്‍ തയ്യാറാവുകയായിരുന്നു. താരത്തെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കും എന്നുറപ്പിച്ചിരിക്കെ അസാധാരണ നീക്കത്തിലൂടെയാണ് യുണൈറ്റഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സാഞ്ചസിനായി 60 മില്യണ്‍ മുടക്കാന്‍ തയ്യാറായ സിറ്റി പക്ഷെ ഇത്തവണ അത് 20 മില്യണ്‍ ആയി ചുരുക്കിയതോടെയാണ് അവസരം മുതലാക്കാന്‍ യുണൈറ്റഡ് രംഗത്ത് എത്തിയത്.  സഞ്ചസിന് പകരക്കാരനായി യൂണൈറ്റഡ് താരം മികിതാര്യന്‍ ആഴ്‌സണലില്‍ ചേരും.