തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്. മൂന്ന് പരാതികളാണ് ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ചിട്ടുള്ളത്. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ട പോലീസ് ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

നേരത്തെ മനുഷ്യാവകാശ കമ്മീഷന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കമ്മീഷന്‍ പോലീസിനോട് ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്. കന്റോണ്‍മെന്റ് അസി.കമ്മീഷ്ണറുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.

അതേസമയം, ലോ അക്കാദമി സമരം പെട്ടെന്ന് തന്നെ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. പരിഹാരം കാണാന്‍ വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് കേസും വന്നതോടെ രാജിക്കുള്ള സമ്മര്‍ദ്ദം കൂടിവരികയാണ്
ലക്ഷ്മി നായര്‍ക്ക്. പ്രിന്‍സിപ്പാല്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.