തിരുവനന്തപുരം:ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ സമവായ ശ്രമവുമായി എത്തിയ സി.പി.എമ്മിന്റെ നീക്കം പാളി. പ്രിന്‍സിപ്പല്‍ പദവി ഒഴിയില്ലെന്ന് ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചതോടെയാണ് സമവായശ്രമം പാളിയത്.

ലോ അക്കാദമിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം പരിഹരിക്കുന്നതില്‍ സിപിഎമ്മിന് മെല്ലപ്പോക്കാണെന്ന് ആരോപണം ഉയര്‍ന്നതിന് ശേഷമാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എം രംഗത്തെത്തുന്നത്. തുടര്‍ന്ന് അക്കാദമി ഡയറക്ടര്‍ എന്‍ നാരായണന്‍ നായരെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ചക്കൊരുങ്ങുകയായിരുന്നു. നാരായണന്‍നായരുടെ മകളാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. എന്നാല്‍ പ്രിന്‍സിപ്പാല്‍ പദവി ഒഴിയില്ലെന്ന് ലക്ഷമി നായര്‍ ആവര്‍ത്തിച്ചു. ലക്ഷ്മി നായര്‍ക്ക് ബന്ധുക്കളായ മറ്റ് ഡയക്ടര്‍മാരുടേയും പിന്തുണ ലഭിച്ചു. പ്രശ്‌ന പരിഹാരത്തിന് സി.പി.എം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് നാളെ യോഗം ചേരും.

അക്കാദമി പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 19 ദിവസമായി എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം നടത്തിവരികയാണ്. പ്രിന്‍സിപ്പാല്‍ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും ആവര്‍ത്തിച്ചു. സമരപ്പന്തലിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി സമരം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമത്തെ എതിര്‍ക്കുമെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചക്ക് തയ്യാറാവുന്നത്. എന്നാല്‍ രാജിയില്ലെന്ന് ലക്ഷ്മി നായര്‍ ആവര്‍ത്തിക്കുകയായിരുന്നു.