രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ എല്ലാവരും ഉറ്റുനോക്കുന്നു. ഭരണകൂടം ഒന്നടങ്കം തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്. മന്ത്രിമാരും എം.എല്‍.എമാരും പാര്‍ട്ടി സംവിധാനങ്ങളുമെല്ലാം മണ്ഡലത്തിലാണ്. ഉപതിരഞ്ഞെടുപ്പിനെ ഈ സര്‍ക്കാര്‍ എത്രത്തോളം ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണിത്.തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഭരണം നിശ്ചലമാവുകയും ചെയ്യുന്നു. ഒരു തിരഞ്ഞെടുപ്പിലും കാണാത്തത്ര വീറും വാശിയുമാണ് തൃക്കാക്കരയിലുള്ളത്. മന്ത്രിമാരും എം.എല്‍.എ.മാരും വീടുവീടാന്തരം കയറിയിറങ്ങുന്നു. സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും പൊതുജനങ്ങളും മാറി ചിന്തിക്കുന്നുവെന്ന തിരിച്ചറിവ് അവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും മാത്രം കൈമുതലുള്ള ഭരണം തിരഞ്ഞെടുപ്പില്‍ സ്വന്തം പാളയത്തില്‍ നിന്നുതന്നെ എതിര്‍പ്പിനെ നേരിടേണ്ടിവരുന്നു. ഇതിനെ മറികടക്കാന്‍ മന്ത്രിമാരും എം.എല്‍.എമാരും വിയര്‍ത്തുകുളിക്കുന്നു. ജനങ്ങളുടെ പേര് പറഞ്ഞ് നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളെല്ലാം ജനദ്രോഹവും ജനവിരുദ്ധവുമാണെന്നതി ന്റെ ഉദാഹരണമാണ് സില്‍വര്‍ലൈന്‍ പദ്ധതി. പദ്ധതി നടപ്പിലാകുന്നതോടെ ആയിരകണക്കിന് കുടുംബങ്ങളാണ് വഴിയാധാരമാകാന്‍ പോകുന്നത്. ഇവരുടെ കൃഷിയിടങ്ങളും കിടപ്പാടങ്ങളുമെല്ലാം നഷ്ടപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ഇതിനെ പ്രതിരോധിക്കുന്നവരേയും പ്രതിഷേധിക്കുന്നവരേയും മര്‍ദ്ദനമുറകള്‍ അഴിച്ചുവിട്ട് അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍. ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച വീട്ടമ്മയായ മിനി കെ ഫിലിപ്പിനെ റോഡിലൂടെ വലിച്ചിഴച്ചതും തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ കല്ലിടലിനെതിരെ സമരം ചെയ്തവരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതും സാംസ്‌കാരിക കേരളത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി മതിലുകള്‍ കെട്ടിയവരാരും വീട്ടമ്മയെ റോഡിലൂടെ വലിച്ചിഴച്ചപ്പോള്‍ ഒരക്ഷരം ഉരിയാടിയില്ല.

വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടി യിറക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ 13 വര്‍ഷത്തിന് ശേഷവും നരകയാതന അനുഭവിക്കുകയാണ്. ജനങ്ങളുടെ കൃഷിയിടങ്ങളും കിടപ്പാടങ്ങളുമെല്ലാം നഷ്ടപ്പെടുന്ന നയം സ്വീകരിച്ച് മുന്നോട്ട്‌പോകുന്ന പാര്‍ട്ടിയുടെ പ്രതിനിധിയെ തിരഞ്ഞെടുക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനുള്ള അവസരമാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് കൈവന്നിട്ടുള്ളത്. കേരളത്തിലെ ദുര്‍ഭരണത്തിനെതിരെ പ്രതികരിക്കുന്നവരേയും പ്രതിഷേധിക്കുന്നവരേയും പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ച് ഒതുക്കാനും ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസെടുത്തു പീഡിപ്പിക്കാനും ഉപയോഗിക്കുന്നു. ഇതിനെ ജനാധിപത്യ മെന്ന് വിളിക്കാനാവില്ല. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ നയമാണിത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ പലതരം കുറ്റങ്ങള്‍ ചുമത്തി നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതേ നയം തന്നെയാണ് ഇവിടേയും നടപ്പിലാക്കാന്‍ പോകുന്നതെ ന്ന് അരിഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം മനസിലാവും. ലെനിനും സ്റ്റാലിനും മുസ്സോളിനിയും ഹിറ്റ്‌ലറുമെല്ലാം ജനങ്ങളെ അടിച്ചമര്‍ത്തിയത് ചരിത്രത്തില്‍ വായിച്ചെടുക്കാന്‍ കഴിയും.സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലില്‍നിന്നും മോചനമായിട്ടില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഞൊടിയിടയിലാണ് സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം വിതരണം ചെയ്യാത്തതിലും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിലും കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായി. വന്യജീവികളുടെ ആക്രമണത്തില്‍നിന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഈ സര്‍ക്കാരിന് കഴിയുന്നില്ല. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചവരാണിവര്‍. പൗരത്വ നിയമത്തിനെതിരെ കേരളത്തില്‍ സമരം നടന്നപ്പോള്‍ കേസ് എടുക്കില്ലെന്ന് പറഞ്ഞവര്‍ തന്നെ കേസെടുത്തു പീഡിപ്പിക്കുകയായിരുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങിവന്നവര്‍ എന്തെങ്കിലും വ്യവസായം ചെയ്തു ജീവിക്കാന്‍ തുനിഞ്ഞപ്പോള്‍ അതിനെ പൂട്ടിക്കാനാണ് ഇവര്‍ ശ്രമിച്ചത്. പലരും ആത്മഹത്യ ചെയ്തു. കണ്ണൂരിലെ മാതമംഗലത്ത് പ്രവാസി വ്യാപാരിയുടെ സ്ഥാപനം സി.പി.എമ്മും സി.ഐ.ടി. യുക്കാരും ചേര്‍ന്ന് അടപ്പിച്ചു. മാര്‍ക്ക്‌ലിസ്റ്റിന് പോലും കൈക്കൂലി ചോദിച്ചുവാങ്ങുന്നവരുടെ നാടായി കേരളം മാറി. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കൈക്കൂലി നല്‍കേണ്ട സ്ഥിതിയാണ്. വസ്തു തരംമാറ്റാന്‍ കൈക്കൂലി നല്‍കാത്തതിനാല്‍ തരം മാറ്റി കിട്ടാത്തതില്‍ മനംനൊന്താണ് സജീവന്‍ ആത്മഹത്യ ചെയ്തതെന്ന് പറയുന്നു. ജപ്തിയുടെ പേരില്‍ എത്ര പേരാണ് ആത്മഹത്യ ചെയ്യുന്നത്. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വരെ ആത്മഹത്യ ചെയ്തു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സി.പി.എം ബാങ്ക് ഉപരോധിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളും ക്രിമിനല്‍ ഗുണ്ടാ വിളയാട്ടവും കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ ഗാഢനിദ്രയിലാണ്. പീഡനങ്ങളുടേയും ക്രിമിനലുകളുടേയും നാടായി കേരളം മാറുന്നു. എത്രയോ പാര്‍ട്ടി നേതാക്കന്മാര്‍ പീഡനത്തിലെ കഥാനായകന്മാരായിരിക്കുന്നു. അവസാനത്തെ കഥാനായകനായി വന്നിരിക്കുന്നത് പാര്‍ട്ടിക്കാരനായ അധ്യാപകന്‍ തന്നെയാണ്. പാര്‍ട്ടിയുടെ തണലും സംരക്ഷണവും ഉള്ളതുകൊണ്ട് എന്തും ചെയ്യാന്‍ മടിയില്ലാത്തവരായിരി ക്കുന്നു. സി.പി.എം ഭരിക്കുന്ന പല സഹകരണ ബാങ്കുകളും സാമ്പത്തിക വെട്ടിപ്പിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. തുടര്‍ഭരണം ലഭിക്കുന്നത് സാമ്പത്തിക ക്രമക്കേടിനും അഴിമതി നടത്തുന്നതിനും വേണ്ടിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. സാമ്പത്തിക മാന്ദ്യം നേരിടുന്നുവെന്ന് പറയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് യാതൊരു കുറവുമില്ല. തൊഴിലാളി വര്‍ഗ ത്തിന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവര്‍ അധികാരത്തിലിരിക്കുമ്പോള്‍ സത്യപ്രതിജ്ഞ ചടങ്ങിന് കോടികളാണ് പൊടിച്ചത്. ഭരണത്തിന്റെ നൂറാം ദിനത്തിലും ഒന്നാം വാര്‍ഷികത്തിനും ആയിരം ദിനാചരണത്തിനും കോടികള്‍ ചെലവഴിച്ച് ഖജനാവ് ധൂര്‍ത്തടിക്കുന്നു. മുന്‍ എം.പിയെ ഡല്‍ഹിയില്‍ കുടിയിരുത്തുന്നതിന് കോടികളാണ് എടുത്തത്. യു.ഡി.എഫ് ഭരണകാലം അടച്ച്പൂട്ടിയ മദ്യഷാപ്പുകളും ഔട്ട്‌ലെറ്റുകളുമെല്ലാം തുറക്കാന്‍ തീരുമാനിച്ചു. മദ്യനിരോധനം നടപ്പിലാക്കിയാല്‍ വ്യാജ വാറ്റും മയക്കുമരുന്നുകളും വര്‍ധി ക്കുമെന്ന് പറഞ്ഞാണ് മദ്യ നിരോധനത്തിന് തടയിട്ടത്. എന്നാല്‍ മദ്യവും മയക്കുമരുന്നും ഇന്ന് സുലഭമായി ലഭിച്ചുകൊണ്ടിരിക്കുന്നു. തന്മൂലം ആക്രമണങ്ങളും കൊലപാതകങ്ങളും പിടിച്ചുപറിയും ദിനം പ്രതി വര്‍ധിച്ചുവരുന്നു.