കാലുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ രോഗിയുടെ എക്‌സ്‌റേ കണ്ട് ഡോക്ടര്‍ ഞെട്ടി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കാലുവേദനയെതുടര്‍ന്ന് ബദ്രിലാല്‍ മീണ എന്ന 56 കാരന്‍ ആസ്പത്രിയിലെത്തുകയായിരുന്നു. ബദ്രിലാലിന്റെ എക്‌സ്‌റേയില്‍ കാലില്‍ സൂചി കണ്ട് ഡോക്ടര്‍മാര്‍ അമ്പരന്നു. പിന്നീട് ഇയാളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും സൂചി തറച്ചുനില്‍ക്കുന്നതായി കാണാന്‍ കഴിഞ്ഞത്. റെയില്‍വേ കമ്പനിയിലെ ജോലിക്കാരനാണ് ബദ്രിലാല്‍.

വിശദമായ പരിശോധനയില്‍ ശരീരത്തില്‍ നിന്നും മൊത്തം 75പിന്നുകളാണ് കണ്ടെത്തിയത്. എന്നാല്‍ ഇത്രയധികം പിന്നുകള്‍ എങ്ങനെ ശരീരത്തില്‍ വന്നുവെന്നതിന് യാതൊരു അറിവും ഇയാള്‍ക്കോ കുടുംബത്തിനോ ഇല്ല. തൊണ്ടയില്‍ നിന്ന് 40എണ്ണവും വലതുകാലില്‍ നിന്ന് 25എണ്ണവും കണ്ടെടുത്തു. കൈകളിലും സൂചിയുണ്ടായിരുന്നു. ഇത്രയധികം സൂചികള്‍ ശരീരത്തില്‍ ആരെങ്കിലും കുത്തിവെച്ചതാകാം എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ എത്തിയിരിക്കുന്നത്. അതിനിടെ ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ലെന്ന് ബദ്രിയുടെ കുടുംബം ആരോപിക്കുന്നു. ബദ്രിലാല്‍ മുംബൈയിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്.