കമാല്‍ വരദൂര്‍

തിരുവന്തപുരം: മഴ ആദ്യം വില്ലനായി. മഴ മാറിയപ്പോള്‍ അടിപൊളി ആവേശം. അവസാന പന്ത് വരെ ഞരമ്പ് മുറുകി. ഒടുവില്‍ ആറ് റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. എട്ട് ഓവര്‍ പോരാട്ടത്തില്‍ ഇന്ത്യ 67 റണ്‍സ് നേടിയപ്പോള്‍ കിവീസിന് 56 റണ്‍സ് നേടാനാണ് കഴിഞ്ഞത്. ഇതാദ്യമായാണ് കിവീസിനെതിരെ ഇന്ത്യ ടി-20 പരമ്പര നേടുന്നത്.
:പ്രതികൂല കാലാവസ്ഥയില്‍ രാത്രി വൈകി തുടങ്ങിയ പോരാട്ടത്തില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യന്‍ തുടക്കം. ട്രെന്‍ഡ് ബോള്‍ഡിന്റെ ആദ്യ ഓവര്‍ ശക്തമായിരുന്നു. നനഞ്ഞ സാഹചര്യങ്ങളെ മനോഹരമായി പ്രയോജനപ്പെടുത്തിയ ബൗള്‍ട്ട് ഏഴ് റണ്‍സ് മാത്രമാണ് നല്‍കിയത്. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് രണ്ടാം ഓവര്‍ കിവി ക്യാപ്റ്റന്‍ വില്ല്യംസണ്‍ നല്‍കിയത് സ്പിന്നര്‍ ഇഷ് സോഥിക്ക്. ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും സോഥി ശക്തി കാട്ടി. പരമ്പരയിലുടനീളം പുലര്‍ത്തിയ സ്ഥിരതക്ക് മറ്റൊരു ഉദാഹരണം. അനുഭവ സമ്പന്നനായ ടീം സൗത്തിക്കായിരുന്നു അടുത്ത ഓവര്‍. ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും സൗത്തിയുടെ വേഗമേറിയ പന്തിന് ഇരകളായി. ധവാനാണ് ആദ്യം മടങ്ങിയത്. മിഡ് വിക്കറ്റില്‍ സാന്‍ഡറിന് എളുപ്പത്തിലുള്ള ക്യാച്ച്. തൊട്ട് പിറകെയുള്ള പന്തില്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ രോഹിതും പുറത്തായി. സ്‌ക്കോര്‍ബോര്‍ഡില്‍ 15 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരാത് കോലിയും ശ്രേയസും ക്രീസില്‍. ഓപ്പണര്‍മാര്‍ മടങ്ങിയെങ്കിലും അപകടം മനസ്സിലാക്കിയ കോലി സോഥിയുടെ രണ്ടാമത് ഓവറില്‍ ബൗണ്ടറിയും പിറകെ സിക്‌സറും പായിച്ചു. ഗ്രീന്‍ഫീല്‍ഡിലെ ആദ്യ സിക്‌സര്‍…സ്റ്റേഡിയം പ്രകമ്പനം കൊണ്ടെങ്കിലും അടുത്ത പന്തില്‍ നായകനും മടങ്ങി. അഞ്ച് ാേവര്‍ സമാപിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ മൂന്ന് വിക്കറ്റിന് 40 റണ്‍സ്. നാലാമത് ഓവര്‍ എറിഞ്ഞത് സോഥി. ആദ്യ പന്തില്‍ തന്നെ മനീഷ് പാണ്ഡെയുടെ സിക്‌സര്‍. പക്ഷേ തുര്‍ന്നുള്ള രണ്ട് പന്തുകള്‍ കൃത്യമായിരുന്നു. അടുത്ത പന്തില്‍ ശ്രേയസും പുറത്ത്-ആറ് റണ്‍സാണ് യുവതാരം നേടിയത്. ആറാമത് ഓവര്‍ സമാപിക്കുമ്പോള്‍ സ്‌ക്കോര്‍ നാല് വിക്കറ്റിന് 50 റണ്‍സ് മാത്രം. സാന്‍ഡ്‌നര്‍ എറിഞ്ഞ ഏഴാമത് ഓവറിലെ ആദ്യ നാല് പന്തുകള്‍ സിംഗിള്‍ മാത്രമായിരുന്നു. പക്ഷേ അഞ്ചാം പന്ത് ഹാര്‍ദിക് ഗ്യാലറിയിലെത്തിച്ചു. ഈ പരമ്പരയിലെ ഹാര്‍ദിക്കിന്റെ ആദ്യ സിക്‌സര്‍. ഏഴാമത് ഓവര്‍ സമാപിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ നാല് വിക്കറ്റിന് 61. അവസാന ഓവറിന് ബൗള്‍ട്ട്. കൂറ്റനടിക്കുള്ള മനീഷ് പാണ്ഡെയുടെ ശ്രമം ബൗണ്ടറി ലൈനില്‍ അസാധ്യമായ മെയ് വഴക്കത്തില്‍ സാന്‍ഡര്‍ ഇല്ലാതാക്കി. ബൗണ്ടറിക്ക് അരികില്‍ പന്ത് പിടിച്ച സാന്‍ഡര്‍ അപകടം മനസ്സിലാക്കി ഗ്രാന്‍ഡ് ഹാമിന് നല്‍കി. സുന്ദരമായ ക്യാച്ച്. പകരം വന്ന ധോണിക്കും ക്രീസിലുള്ള ഹാര്‍ദ്ദിക്കിനും പന്തിനെ പറത്താനായില്ല. ഇന്ത്യയുടെ സ്‌ക്കോര്‍ 67 ല്‍ അവസാനിച്ചു. ഹാര്‍ദ്ദിക് 14 റണ്‍സുമായി പുറത്താവാതെ നിന്നു. ധോണി ഒരു പന്തും നേരിട്ടിരുന്നില്ല. കിവി ബൗളര്‍മാരില്‍ സൗത്തിയും സോഥിയും ബൗള്‍ട്ടും കരുത്ത് കാട്ടി.
DOC6hmBXUAYYRpE DOCaaxhVAAAiwuGമറുപടി ബാറ്റിംഗില്‍ ഭുവനേശ്വറിനെ സിക്‌സറിന് പറത്തിയാണ് മണ്‍റോ ആരംഭിച്ചത്. പക്ഷേ തന്റെ അവസാനത്തെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ പുറത്താക്കി ഭുവി കരുത്ത് കാട്ടി. വിശ്വസ്തനായ ജസ്പ്രീത് ബുംറക്കായിരുന്നു രണ്ടാം ഓവര്‍. ആദ്യ പന്തില്‍ തന്നെ മണ്‍റോ പുറത്ത്. രോഹിത് ശര്‍മയുടെ മനോഹരമായ ക്യാച്ച്. രണ്ട് റണ്‍ മാത്രമാണ് ബുംറ വഴങ്ങിയത്. മൂന്നാം ഓവര്‍ എറിഞ്ഞത് ചാഹല്‍. നാല് റണ്‍സ് മാത്രമാണ് പരമ്പരയിലുടനീളം മികവ് പ്രകടിപ്പിച്ച സ്പിന്നര്‍ വഴങ്ങിയത്. നാലാമത് ഓവറുമായി ഭുവനേശ്വര്‍ വന്നപ്പോള്‍ പന്ത്രണ്ട് റണ്‍സ് പിറന്നു. ടീമിലിടം നേടിയ കുല്‍ദീപ് യാദവിനായിരുന്നു അടുത്ത ഓവര്‍. മൂന്നാമത്തെ പന്തില്‍ കിവി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. പിറകെ ഗ്ലെന്‍ ഫിലിപ്‌സ് അതിര്‍ത്തിയില്‍ ധവാന്റെ കരങ്ങളിലെത്തിയപ്പോള്‍ മല്‍സരം ആവേശത്തിലേക്ക്. കിവീസിന് നാലാമത് വിക്കറ്റും നഷ്ടമായപ്പോള്‍ സ്‌ക്കോര്‍ 28 റണ്‍സ് മാത്രം. പക്ഷേ കുല്‍ദിപിന്റെ അവസാന പന്ത് ഗ്രാന്‍ഡ്‌ഹോം സിക്‌സറിന് പറത്തിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും അങ്കലാപ്പ്. ചാഹലിന്റെ ഊഴം. നാല് റണ്‍ മാത്രം. ഗ്യാലറിയിലെ ആവേശത്തിലേക്ക് ബുംറയുടെ ഓവര്‍. ആദ്യ പന്തില്‍ തന്നെ വിക്കറ്റ്. സ്വീപ്പ് ഷോട്ടിന് ശ്രമിച്ച നിക്കോളാസിനെ ഡീപ്പ് തേര്‍ഡ്മാനില്‍ ശ്രേയാസ് പിടിച്ചു. സ്‌ക്കോര്‍ അഞ്ച് വിക്കറ്റിന് 39. അടുത്ത പന്ത് ബൗണ്ടറി കടന്നു. പിന്നെ വൈഡ്. സമ്മര്‍ദ്ദം ബുംറക്ക്. പക്ഷേ ഗ്രാന്‍ഡ്മയെ മനോഹരമായി റണ്ണൗട്ടാക്കി ധോണി ഇന്ത്യന്‍ ക്യാമ്പിന് കരുത്തേകി. അവസാന ഓവറില്‍ കിവീസിന് ജയിക്കാന്‍ 19 റണ്‍സ്. പന്തെറിയുന്നത് ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ സിംഗിള്‍. രണ്ടാം പന്തില്‍ റണ്ണില്ല. ഗ്യാലറിയില്‍ ആവേശം അണപ്പൊട്ടുന്നു. പക്ഷേ മൂന്നാം പന്ത് ഗ്യാലറിയില്‍. ഇന്ത്യന്‍ ക്യാമ്പ് മ്ലാനം. മൂന്ന് പന്തില്‍ കിവീസിന് ജയിക്കാന്‍ 12 റണ്‍സ്. അടുത്ത പന്ത് വൈഡ്. പിന്നെ സിംഗിള്‍. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ 10 റണ്‍സ്. ആവേശം വാനോളം…സമ്മര്‍ദ്ദം അത്യുയരത്തില്‍. അടുത്ത പന്തില്‍ ഹാര്‍ദിക് നല്‍കിയത് രണ്ട് റണ്‍ മാത്രം. ഇന്ത്യ ജയത്തിലേക്ക്. അവസാന പന്തില്‍ സിംഗിള്‍-ഇന്ത്യ ആറ് റണ്‍ിന് ജയിക്കുന്നു. പരമ്പര സ്വന്തമാക്കുന്നു
നേരത്തെ ന്യൂസിലാന്‍ഡിനെതിരായി ഒരു ടി-20 പരമ്പര സ്വന്തമാക്കുക എന്ന ഇന്ത്യന്‍ മോഹത്തിന് മഴ സുല്ലിട്ടിരുന്നു. പക്ഷേ അവസാനത്തില്‍ കാണികളുടെ ആവേശത്തിന് മഴയും വഴങ്ങി രാത്രി വൈകി മല്‍സരം വെട്ടിച്ചുിരുക്കി എട്ട് ഓവറാക്കി തുടങ്ങി. ചന്നം പിന്നം പെയ്ത മുഴുനീള മഴയില്‍ ഇന്ത്യ-കിവീസ് ടി-20 പരമ്പരയിലെ അവസാന മല്‍സരം ഉപേക്ഷിക്കുന്നതിന്റെ വക്കിലായിരുന്നു. രാത്രി 9-15 നാണ് പിച്ച് ഇന്‍സ്‌പെക്ഷന്‍ നടത്തി മല്‍സരം ആരംഭിക്കാന്‍ മാച്ച് റഫറി തീരുമാനിച്ചത്. ടോസ് തുടര്‍ച്ചയായി മൂന്നാം മല്‍സരത്തിലും കിവിസീനിയിരുന്നു. അവര്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി. മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് പകരം മനീക്ഷ് പാണ്ഡെ, കുല്‍ദിപ് യാദവ് എന്നിവര്‍ക്ക് അവസരം നല്‍കി. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ കന്നി രാജ്യാന്തര മല്‍സരം ആസ്വദിക്കാനെത്തിയ അര ലക്ഷത്തോളം വരുന്ന കാണികള്‍ മഴയെ ശപിച്ച് മടങ്ങാന്‍ നില്‍ക്കവെയാണ് ആകാശം തെളിഞ്ഞത്. ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയപ്പോള്‍ രാജ്‌ക്കോട്ടില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ കിവീസ് ശക്തമായ വിജയവുമായി തിരിച്ചു വന്നിരുന്നു. ബാറ്റിംഗിഗായിരുന്നു പതിവ് പോലെ പരമ്പരയില്‍ ഇന്ത്യയുടെ കരുത്ത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, നായകന്‍ വിരാത് കോലി, സീനിയര്‍ താരം മഹേന്ദ്രസിംഗ് ധോണി എന്നിവരെല്ലാം അവസരോചിത പ്രകടനവുമായി തിളങ്ങിയപ്പോള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനം മാത്രമാണ് നിരാശപ്പെടുത്തിയത്. ഡല്‍ഹിയിലും രാജ്‌ക്കോട്ടിലും കിവി സ്പിന്നര്‍ സോഥിയുടെ പന്തില്‍ ഹാര്‍ദ്ദിക് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. മിന്നല്‍ പ്രകടനവുമായി പല ഘട്ടങ്ങളിലും പ്രതിയോഗികളെ വിറപ്പിച്ചിട്ടുള്ള ഹാര്‍ദ്ദിക്കിനെ സ്ലോ ഡെലിവറികളിലൂടെയാണ് കിവീസ് കുരുക്കിയത്. ബൗളിംഗില്‍ ഭുവനേശ്വര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ആധികാരികത നിലനിര്‍ത്തി. രണ്ടാം മല്‍സരത്തില്‍ അവസരം ലഭിച്ച ഹൈദരാബാദുകാരന്‍ മുഹമ്മദ് സിറാജ് കിവി ക്യാപ്റ്റന്‍ വില്ല്യംസണിന്റെ വിക്കറ്റുമായി അരങ്ങേറ്റം കേമമാക്കിയെങ്കിലും ധാരാളം റണ്‍സ് വഴങ്ങി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദിന് വേണ്ടിയും നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ എ സംഘത്തിലെത്തിയ സിറാജ് ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ച് ഭരത് അരുണിന്റെ പിന്തുണയിലാണ് രാജ്‌ക്കോട്ടില്‍ കളിച്ചത്. പക്ഷേ ഇന്നലെ കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.
സ്‌പോര്‍ട്‌സ് ഹബിലെ ആദ്യ രാജ്യാന്തര മല്‍സരം ആസ്വദിക്കാന്‍ ഉച്ചയോടെ തന്നെ കാണികള്‍ എത്തിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴ രവിലെ മാറി നിന്നപ്പോള്‍ മല്‍സരത്തിന് തടസ്സമില്ലെന്നും കരുതപ്പെട്ടു. പക്ഷേ വൈകുന്നേരത്തോടെ ചന്നം പിന്നം ചാറാന്‍ തുടങ്ങിയ മഴ പിന്നെ മാറിയില്ല. 6-30 ന് നിശ്ചയിച്ചിരുന്ന ടോസ് വൈകി. മല്‍സരത്തില്‍ മഴ വില്ലനായതില്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രവിശാസ്ത്രി നിരാശ പ്രകടിപ്പിച്ചിരുന്നു. അനില്‍ കുംബ്ലെയില്‍ നിന്നും പരിശീലക പദവി ഏറ്റെടുത്ത ശേഷം വിജയങ്ങള്‍ മാത്രമായിരുന്നു ശാസ്ത്രിക്ക്. വിജയങ്ങള്‍ തുടരുന്ന നല്ല യൂണിറ്റായി അദ്ദേഹം ടീമിനെ മാറ്റി. ടി-20 യില്‍ അപരാജിതരായി നിന്നിരുന്ന കിവീസിനെ ഡല്‍ഹിയില്‍ തരിപ്പണമാക്കിയപ്പോള്‍ രാജ്‌ക്കോട്ടില്‍ സമ്മര്‍ദ്ദത്തെ അകറ്റാന്‍ കഴിയാത്തതാണ് പരാജയ കാരണമായതെന്നും ശാസ്ത്രി വിലയിരുത്തി. തിരുവനന്തപുരത്ത് അവസാനമായി രാജ്യാന്തര ഏകദിനം നടന്നപ്പോള്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ശാസ്ത്രിയായിരുന്നു. ശ്രീലങ്കക്കെതിരെ 16ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ ടീമിന്റെ അടുത്ത രാജ്യാന്തര ഷെഡ്യൂള്‍.