തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് മുന്നണികള്‍. മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 2015 ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫും. ഇത്തവണ 76.04 ശതമാനമാണ് പോളിങ്.

ആകെയുള്ള 2,76,58,659 വോട്ടര്‍മാരില്‍ 2,10,31,338 പേരും വോട്ടു രേഖപ്പെടുത്തി. 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 15,06,941 പേരാണ് ഇത്തവണ കൂടുതല്‍ വോട്ടു ചെയ്യാനെത്തിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോളിങ് കുറയുമെന്ന ആശങ്ക നിലനിന്നിരുന്നു എങ്കിലും അതൊന്നും പോളിങ്ങിനെ ബാധിച്ചില്ല എന്നതാണ് ശ്രദ്ധേയം.

2015ല്‍ മുന്നണികള്‍ ഏറ്റുമുട്ടിയപ്പോള്‍ ഫലം ഇങ്ങനെയായിരുന്നു.

 • ഗ്രാമപ്പഞ്ചായത്തുകള്‍
  എല്‍ഡിഎഫ് ജയിച്ചത്- 551
  യുഡിഎഫ് ജയിച്ചത് – 362
 • ബ്ലോക് പഞ്ചായത്തുകള്‍
  എല്‍ഡിഎഫ് ജയിച്ചത്- 88
  യുഡിഎഫ് ജയിച്ചത് – 62
  ആര്‍ക്കും ഭൂരിപക്ഷമില്ലാത്തത് – 1
  മറ്റുള്ളവര്‍ – 1
 • ജില്ലാ പഞ്ചായത്ത്
  എല്‍ഡിഎഫ് – 7
  യുഡിഎഫ് – 7
 • നഗരസഭ
  എല്‍ഡിഎഫ് – 45
  യുഡിഎഫ് – 40
  എന്‍ഡിഎ – 1
  ആര്‍ക്കും ഭൂരിപക്ഷമില്ലാത്തത് – 1
 • കോര്‍പറേഷന്‍
  എല്‍ഡിഎഫ്- 2
  യുഡിഎഫ് – 1
  ആര്‍ക്കും ഭൂരിപക്ഷമില്ലാത്തത് – 3

എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ ഭരണത്തിലിരുന്ന കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ആവര്‍ത്തിക്കാനാണ് യുഡിഎഫിന്‍റെ ശ്രമം. സ്വര്‍ണക്കടത്ത്, അഴിമതി ആരോപണങ്ങളില്‍ ആടിയുലഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്ത് അതു സാധ്യമാണ് എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.

2010ല്‍ 546 ഗ്രാമപ്പഞ്ചായത്തുകളിലാണ് യുഡിഎഫ് ജയിച്ചിരുന്നത്. എല്‍ഡിഎഫ് ജയിച്ചത് 322 ഇടത്തും. 85 ബ്ലോക് പഞ്ചായത്തില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ എല്‍ഡിഫ് സ്വന്തമാക്കിയത് 56 എണ്ണം. ജില്ലാ പഞ്ചായത്തുകള്‍ ഏഴു വീതം ഇരു മുന്നണികളും നേടി. 26 നഗരസഭയില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ എല്‍ഡിഎഫിന് ജയിക്കാനായത് 13 ഇടത്ത് മാത്രം. രണ്ട് കോര്‍പറേഷനുകളില്‍ യുഡിഎഫും നാലിടത്ത് എല്‍ഡിഎഫും വിജയിച്ചു.