മലപ്പുറം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് നടക്കുന്ന ആഹ്ലാദ പ്രകടനങ്ങള്‍ ഒരിക്കലും അതിരുവിട്ട ആഘോഷങ്ങളാവരുതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

കോവിഡ് വ്യാപനം ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ കോലം കത്തിക്കല്‍, എതിര്‍വിഭാഗത്തിന്റെ കൊടിതോരണങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയവക്ക് നാശനഷ്ടങ്ങള്‍ വരുത്തല്‍, വഴിയാത്രക്കാരായ പൊതുജനങ്ങളുടെ യാത്രകള്‍ക്ക് മാര്‍ഗതടസ്സമുണ്ടാക്കല്‍ തുടങ്ങിയവയൊന്നും ഒരു കാരണവശാലും ഉണ്ടാവരുതെന്നും തങ്ങള്‍ ഉണര്‍ത്തി.

പൊലീസിന്റെയും ജില്ലാ കളക്ടറുടെയും നിര്‍ദേശങ്ങള്‍ പാലിച്ച് അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ ആഘോഷങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.