ഭോപ്പാലിലെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനെ പോലീസ് തടഞ്ഞതില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് മലയാളികളുടെ വിമര്‍ശനം. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ പോസ്റ്റിനും താഴെ മലയാളികള്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്.

ഫേസ്ബുക്കില്‍ സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നിട്ടുള്ളത്. ബിജെപി ഭരിക്കുന്ന ഭോപ്പാലില്‍ അദ്ദേഹത്തെ തടഞ്ഞ ആര്‍എസ്എസ്സുകാര്‍ എത്രത്തോളം അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നുണ്ട്.

ഇന്നലെയാണ് ഭോപ്പാലില്‍ പങ്കെടുക്കാനിരുന്ന പരിപാടിയില്‍ നിന്നും പോലീസ് മുഖ്യമന്ത്രിയെ തടയുന്നത്. സംഘ്പരിവാറിന്റെ ഭീഷണിയെത്തുടര്‍ന്നുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് പിണറായിയെ തടഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രിയോട് ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രിതന്നെ രംഗത്തെത്തിയിരുന്നു.