മുംബൈ: കരിയറിന്റെ അത്യുന്നതങ്ങളിലാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഡിബിള്‍ സെഞ്ച്വറി നേടിയതിലൂടെ ഒരു പിടി റെക്കോര്‍ഡുകള്‍ കൂടിയാണ് കോഹ്ലി സ്വന്തം എക്കൗണ്ടില്‍ തുന്നിച്ചേര്‍ത്തത്. ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ഡബിള്‍ സെഞ്ച്വറി നേടുന്ന താരം എന്ന സാക്ഷാല്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോഹ്ലിക്കായി. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ച്വറികള്‍ നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ മൈക്കില്‍ ക്ലാര്‍ക്കിന്റെ പേരിലാണ്.

നാല് ഡബിള്‍ സെഞ്ച്വറികളാണ് ക്ലാര്‍ക്കിന്റെ പേരിലുളളത്. കോഹ്ലിയുടെ ഇപ്പോഴത്തെ ഫോം നോക്കുകയാണെങ്കില്‍ ക്ലാര്‍ക്കിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കോഹ്‌ലിക്കാവും. ബ്രാഡ്മാന് പുറമെ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്, ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ മക്കല്ലം എന്നിവരാണ് ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ച്വറികള്‍ നേടിയ മറ്റു താരങ്ങള്‍. ഇതില്‍ കോഹ്ലി ഒഴികെ മറ്റു ബാറ്റ്‌സ്മാന്മാരൊക്കെ അന്താരാഷ്ട്ര കരിയറിനോട് വിടപറഞ്ഞിട്ടുണ്ട്.
ഒരു കലണ്ടര്‍ വര്‍ഷം ഡബിള്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങള്‍, എണ്ണം (കടപ്പാട് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ) ഒരു കലണ്ടര്‍ വര്‍ഷം ഡബിള്‍ സെഞ്ച്വറികള്‍ നേടിയ താരങ്ങള്‍, എണ്ണം (കടപ്പാട് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ)

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 340 പന്തില്‍ നിന്നാണ് കോഹ്ലി 235 റണ്‍സ് നേടിയത്. 25 ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ക്രിസ് വോക്സിന്റെ പന്തില്‍ ജയിംസ് ആന്‍ഡേഴ്സന് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്. മുംബൈ ടെസ്റ്റില്‍ ഇന്ത്യ ജയത്തിലോട്ട് നീങ്ങുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റുകള്‍ നഷ്ടമായി.