കോഴിക്കോട്: ഐലീഗ് കിരീടത്തില്‍ മുത്തമിട്ട ഗോകുലം കേരളയുടെ മുന്നേറ്റനിരയില്‍ തിളങ്ങിയത് മലയാളികള്‍. ഐ.എസ്.എല്‍ ഫൈനലിസ്റ്റ് നേട്ടം കൈവരിച്ച ബ്ലാസ്റ്റേഴ്‌സിനും സന്തോഷ് ട്രോഫി കിരീടനേട്ടത്തിനും ശേഷം കേരളത്തെ ഫുട്‌ബോളില്‍ വീണ്ടുമൊരു അഭിമാനനേട്ടം കൈവരിക്കുമ്പോള്‍ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുകയാണ്.

തുടര്‍ച്ചയായി രണ്ടാംസീസണിലും ചാമ്പ്യന്‍മാരായ മലബാറിയന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കാതെയുള്ള റെക്കോര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. അഞ്ച് വര്‍ഷത്തിനിടെ ഏഴ് കിരീടങ്ങളാണ് ഗോകുലം സ്വന്തമാക്കിയത്. ഇന്നലെ ഗോള്‍നേടിയ മലയാളിതാരങ്ങളായ റിഷാദും അമില്‍ബെന്നിയും ആര്‍ത്തിരമ്പിയ കൊല്‍ക്കത്തന്‍ കാണികള്‍ക്ക് മുന്നിലും പതറാതെ പന്ത് വലയിലാക്കി. തോല്‍വി അറിയാതെ തുടര്‍ച്ചയായ 21 മത്സരമാണ് മലബാറിയന്‍സ് പൂര്‍ത്തിയാക്കിയത്. ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ പേരിലുള്ള റെക്കോര്‍ഡാണ് പഴങ്കഥയായത്. പതിറ്റാണ്ടുകളുടെ സോക്കള്‍ പാരമ്പര്യമുള്ള ക്ലബുകള്‍ക്ക് മുന്നിലേക്കാണ് രണ്ടാംകിരീടവുമായി ഗോകുലം വരവറിയിച്ചത്.

പുതിയ സീസണ്‍ തുടക്കംമുതല്‍ മികച്ച ഫോമില്‍ കളിക്കുന്ന ടീം ജയന്റ്കില്ലേഴ്‌സ് ആദ്യഘട്ടമത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ 12കളിയില്‍ 9ജയവും മൂന്ന് സമനിലയുമായി 30പോയന്റുമായി ടേബിളില്‍ ഒന്നാമതായിരുന്നു. ഒറ്റമത്സരത്തില്‍ മാത്രമാണ് ഇതുവരെയായി തോറ്റത്. മുഹമ്മദന്‍സിന് പുറമെ കരുത്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്, നോര്‍ത്ത്ഈസ്റ്റ് ക്ലബ് നെറോക്ക എഫ്.സി ഉള്‍പ്പെടെയുള്ള ക്ലബുകളെ എതിരിട്ടാണ് ഗോകുലത്തിന്റെ ഈമുന്നേറ്റം. ഇറ്റാലിയന്‍ പരിശീലകന്‍ വിന്‍സെന്‍സോ അനീസെയുടെ പിഴയ്ക്കാത്ത ചുവടുകളും ടീം മുന്നേറ്റത്തില്‍ നിര്‍ണായകമായി. മധ്യനിരയും മുന്നേറ്റവും തമ്മിലുള്ള കൃത്യമായ ഏകോപനവും ടീം ഒത്തൊരുമയും മലയാളി ക്ലബിന്റെ വിജയമന്ത്രമാണ്.

കോവിഡ്കാരണം സ്വന്തംമൈതാനമായ കോര്‍പറേഷന്‍സ്‌റ്റേഡിയത്തില്‍ മത്സരമില്ലാതിരുന്നിട്ടും വംഗനാട്ടില്‍ ടീംപുലര്‍ത്തുന്ന പോരാട്ടവീര്യം ആരാധകൂട്ടത്തേയും ആവേശത്തിലാക്കിയിട്ടുണ്ട്. 2017ല്‍ ആരംഭിച്ച ടീം മലബാറിയന്‍സ് അഞ്ച് വര്‍ഷത്തിനിടെ രണ്ട് ഐലീഗ് കിരീടം, ഡ്യൂറന്റ് കപ്പ്, രണ്ട് കേരള പ്രീമിയര്‍ലീഗ്, ഇന്ത്യന്‍ വനിതാലീഗ് കിരീടം, കേരള വനിതാലീഗ് എന്നി നേട്ടങ്ങളുമായി ഏവരേയും അത്ഭുതപ്പെടുത്തുന്നു. മലളായി താരങ്ങളായ താഹിര്‍സമാന്‍, എമില്‍ബെന്നി, അബ്ദുല്‍ ഹക്കു, വി.എസ് ശ്രീകുട്ടന്‍, മുഹമ്മദ് ജാസിം, സ്ലൊവാക്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മജ്‌സണ്‍, ജമൈക്കന്‍ താരം ജോര്‍ഡിയന്‍ ഫ്‌ളഡ്ച്ചര്‍ എന്നിവര്‍ ഇത്തവണ മുന്നേറ്റനിരയിലെ ശക്തമായ സാന്നിധ്യമാണ്. അവസാന കളിയില്‍ ഇറങ്ങിയില്ലെങ്കിലും അഫ്ഗാന്‍ താരം ക്യാപ്റ്റന്‍ ഷരീഫ് മുഹമ്മദിന്റെ പ്രകടനവും ടീം കിരീടനേട്ടത്തില്‍ നിര്‍ണായകമാണ്.