അനീഷ് ചാലിയാര്‍
മലപ്പുറം

ചരിത്രമുറങ്ങുന്ന മണ്ണ്, മലപ്പുറത്തിന് പറയാനുള്ളത് തെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡുകള്‍ തിരിത്തിയെഴുതിയ ചരിത്രം. 2008 ലെ മണ്ഡലം പുനര്‍ക്രമീകരണത്തോടെ രൂപീകൃതമായ മലപ്പുറം മണ്ഡലത്തില്‍ മുസ്്‌ലിംലീഗിന്റെ ചരിത്ര വിജയത്തിന്റെ കഥമാത്രമാണ് പറയാനുള്ളത്. പുനക്രമീകരണത്തിന് ശേഷം 2009 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 2004 ല്‍ മഞ്ചേരിയില്‍ വിജയിച്ച ടി.കെ ഹംസയെ 115597 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിശ്വപൗരന്‍ ഇ. അഹമ്മദ് മലപ്പുറത്തിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലേക്കെത്തിയത്. 2014 ലും ഇ.അഹമ്മദ് മത്സരിക്കാനെത്തുമ്പോള്‍ അതിനെതിരെ പ്രചാരണം നടത്തിയവര്‍ക്ക് മലപ്പുറം ചുട്ടമറുപടിയാണ് നല്‍കിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഹമ്മദെന്ന അനിവാര്യതക്ക് കേരളചരിത്രത്തിലെ ഏറ്റവും വിലയ ഭൂരിപക്ഷമായിരുന്നു മലപ്പുറം സമ്മാനിച്ചത്. എതിര്‍ സ്ഥാനാര്‍ഥി പി.കെ സൈനബയെ 194739 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അഹമ്മദ് പരാജയപ്പെടുത്തിയത്. 437723 വോട്ടുകളാണ് അഹമ്മദ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. 2017 ല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഏപ്രില്‍ 17 ന് പിന്‍ഗാമിയായെത്തിയ പി.കെ കുഞ്ഞാലിക്കുട്ടി വിജയിക്കുന്നത് മറ്റൊരു റെക്കോര്‍ഡുമായിട്ടായിരുന്നു. കേരളചരിത്രത്തില്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥി നേടുന്ന ഏറ്റവും വലിയ വോട്ട് എന്ന റെക്കോര്‍ഡുമായാണ് പി.കെ കുഞ്ഞാലിക്കുട്ടി ജയിച്ചുകയറിയത്. 515330 വോട്ടാണ് പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. 171023 വോട്ടിന്റെ ഭൂരിപക്ഷവും നേടി. എതിര്‍സ്ഥാനാര്‍ഥി എം.ബി ഫൈസല്‍ 344307 വോട്ടുകളും നേടി.
ദേശീയ രാഷ്ട്രീയവും വികസനവും ചര്‍ച്ചയാവുന്ന തെരഞ്ഞെടുപ്പുകളില്‍ മലപ്പുറത്ത് സി.പി.എമ്മിനൊപ്പം ഒട്ടും നില്‍ക്കക്കള്ളിയില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. 2014 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ വോട്ടിങ് ശതമാനമാണ് 2017 ലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത്. രണ്ട് തെരഞ്ഞെടുപ്പുകളിലും എന്‍ ശ്രീപ്രകാശായിരുന്നു ബിജെപി സ്ഥാനാര്‍ഥി.
വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിജയങ്ങളുടെ റെക്കോര്‍ഡ് തിരുത്തിയെഴുതാനുള്ള പടയൊരുക്കത്തിലാണ് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി. മണ്ഡലത്തില്‍ മത്സരത്തിന് മുമ്പെ തോല്‍വി സമ്മതിക്കുന്ന സി.പി.എം ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. പ്രമുഖര്‍ മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയതോടെ എസ്.എഫ്.ഐ നേതാവായ വി.പി സാനുവിനെയാണ് ബലിയാടാക്കിയിരിക്കുന്നത്.
നിലവിലുള്ള വോട്ടര്‍പട്ടികയിലെ കണക്കനുസരിച്ച് 1340545 വോട്ടര്‍മാരാണ് മലപ്പുറത്തുള്ളത്. ഇതില്‍ 674750 പുരുഷന്മാരും 665791 സ്ത്രീകളും നാല് ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണുള്ളത്.
നിയമസഭാ മണ്ഡലങ്ങള്‍
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളെയും പ്രതിനിധാനം ചെയ്യുന്നത് മുസ്്‌ലിംലീഗാണ്. കൊണ്ടോട്ടി (ടി.വി ഇബ്രാഹിം), മഞ്ചേരി (അഡ്വ.ഉമ്മര്‍), പെരിന്തല്‍മണ്ണ (മഞ്ഞളാംകുഴി അലി), മങ്കട (ടി.എ അഹമ്മദ് കബീര്‍), മലപ്പുറം (പി.ഉബൈദുല്ല), വേങ്ങര (കെ.എന്‍.എഖാദര്‍), വള്ളിക്കുന്ന് (പി. അബ്ദുല്‍ ഹമീദ്) മണ്ഡലങ്ങളാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. മലപ്പുറമൊഴികെ 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷമാണ് ലോക്‌സഭയിലേക്ക് 2017 ല്‍ പി.കെ കുഞ്ഞാലിക്കുട്ടി നേടിയത്. 2016 ല്‍ കൊണ്ടോട്ടി 10654, മഞ്ചേരി 19616, പെരിന്തല്‍മണ്ണ 579, മങ്കട 1508, മലപ്പുറം 35672, വേങ്ങര 38057, വള്ളിക്കുന്ന് 12610 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷം. 2017 പി.കെ കുഞ്ഞാലിക്കുട്ടി കൊണ്ടോട്ടിയില്‍ 25904, മഞ്ചേരിയില്‍ 22843, പെരിന്തല്‍മണ്ണയില്‍ 8527, മങ്കടയില്‍ 19262, മലപ്പുറത്ത് 33281, വേങ്ങര 40529, വള്ളിക്കുന്നില്‍ 20677 വോട്ടിന്റെയും ഭൂരിപക്ഷം നേടി.
2009 ന് മുമ്പുള്ള മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാലും 2004 മാറ്റി നിര്‍ത്തിയാല്‍ മുസ്്‌ലിംലീഗിന്റെ ചരിത്രവിജയങ്ങള്‍ തന്നെയാണ് പറയാനുള്ളത്. ഇന്ത്യന്‍ ഭരണഘടനാസമിതിയില്‍ അംഗമായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിനെയും ഇബ്രാഹിം സുലൈമാന്‍ സേട്ടുവിനെയും മുസ്്‌ലിംലീഗിന്റെ പ്രതിനിധികളായി പാര്‍ലമെന്റിലേക്കയച്ചിട്ടുണ്ട് മഞ്ചേരി. കേരള മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
1962, 1967, 1971 തെരഞ്ഞെടുപ്പുകളിലാണ് ഖാഇദെ മില്ലത്ത് മഞ്ചേരിയെ പ്രതിനിധീകരിച്ചത്. 1973 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.എച്ച് മുഹമ്മദ് കോയ മഞ്ചേരിയില്‍ നിന്നും വിജയിച്ചു. 1977, 1980, 1984,1989 തെരഞ്ഞെടുപ്പുകളില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുവും വിജയച്ചു. 1991, 1996, 1998, 1999 തെരഞ്ഞെടുപ്പുകളില്‍ ഇ അഹമ്മദും മഞ്ചേരിയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. മഞ്ചേരിയില്‍ നിന്ന് ആദ്യമായി 1957 ല്‍ പാര്‍ലമെന്റിലെത്തിയത് ബി. പോക്കര്‍ സാഹിബായിരുന്നു.
ഉപതെരഞ്ഞെടുപ്പുകള്‍

മലപ്പുറം പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നിട്ടുള്ളത്. ഖാഇദെ മില്ലത്തിന്റെ നിര്യാണത്തെ (1972 ഏപ്രില്‍ 5ന് ) തുടര്‍ന്നും ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് 2017 ലുമായിരുന്നു അത്. 1973 ജനുവരി 23 ന് സി.എച്ച് മഞ്ചേരിയില്‍ വിജയിച്ചു. എതിര്‍സ്ഥാനാര്‍ഥി അഡ്വ.എ ഉമ്മര്‍ഖാനെ 95860 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 210881 വോട്ടാണ് അന്ന്് സി.എച്ച് മുഹമ്മദ് കോയ നേടിയത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ഡമ്മി സ്ഥാനാര്‍ഥി. 2017 ല്‍ അഹമ്മദിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പിന്‍ഗാമിയായെത്തി.