ലണ്ടന്‍: ബ്രിട്ടനിലെ മലയാളികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന മലയാളി ഫുട്‌ബോള്‍ ലീഗിന് ലണ്ടനില്‍ തുടക്കം. ആറു മലയാളി ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ലീഗിന്റെ ഒന്നാം ഡിവിഷനില്‍ മാര്‍ഷ്യന്‍സില്‍- ലണ്ടന്‍, ഗ്രിഫിന്‍സ് ക്രോയ്‌ഡോ ണ്‍, ക്രോയ്‌ഡോണ്‍-ബ്ലാസ്റ്റേഴ്‌സ്, എല്‍.എഫ്.സി സ്ട്രാര്‍ഫോഡ്, ജി.എഫ്.സി ലണ്ടന്‍, ഹേര്‍ട്‌സ് എഫ്.സി എന്നീ ടീമുകള്‍ പങ്കെടുക്കുന്നു. ഒന്നാം ഡിവിഷന്‍ മത്സരങ്ങള്‍ ന്യൂ ഹാം, ക്രോയ്‌ഡോണ്‍ എന്നിവിടങ്ങളിലാണ് നടക്കുന്നത്.

യു.കെ.യിലെ ഒരു കൂട്ടം സ്‌പോര്‍ട്‌സ് പ്രേമികളുടെയും ക്ലബ്ബുകളുടെയും പ്രൊഫഷണല്‍ കളിക്കാരുടെയും സംയുക്ത സംരംഭമായ ലണ്ടന്‍ സ്‌പോര്‍ട്‌സ് ലീഗിന്റെ പ്രവര്‍ത്തകര്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ ഏറെയായി യു.കെയിലെ സ്‌പോര്‍ട്‌സ് മേഖലയില്‍ സജീവമായ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. എല്‍.എസ്.എലിന്റെ ഈ കൂട്ടായ പ്രവര്‍ത്തനം യു.കെയിലെ കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മേഖലയില്‍ പുരോഗമനപരമായ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നു.
ഏപ്രില്‍ മധ്യത്തോടെ തുടങ്ങാനുദ്ദേശിക്കുന്ന ലീഗിന്റെ മത്സരങ്ങള്‍ക്കുള്ള ടീം രജിസ്‌ട്രേഷന്‍ ഈ ആഴ്ച മുതല്‍ ആരംഭിച്ചതായി എല്‍.എസ്.എല്‍ ഫുട്‌ബോള്‍ സെക്രട്ടറി പ്രമോദ് ഭാസ്‌ക്കരന്‍ അറിയിച്ചു.