ഉമ്മന്‍ ചാണ്ടി

1948 ജനുവരി 30 ന്യൂഡല്‍ഹിയിലെ ബിര്‍ള ഹൗസ്. വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കേണ്ട പതിവ് പ്രാര്‍ത്ഥനായോഗത്തിന് പത്തു മിനിറ്റോളം വൈകിയതിന്റെ വിഷമത്തിലായിരുന്നു ഗാന്ധിജി. തന്റെ ഊന്നുവടികളായ മനു, അഭ എന്നിവരോടൊപ്പം ഗാന്ധിജി തിരക്കിട്ട് പ്രാര്‍ത്ഥനാ ഹാളിലേക്കു പ്രവേശിച്ചപ്പോള്‍ ദൈവികമായ ഒരു നിശബ്ദത അവിടെ പടര്‍ന്നു. അഭിവാദ്യം അര്‍പ്പിച്ചവരെ നോക്കി ഗാന്ധിജി കൈകള്‍ കൂപ്പി. ഇതിനിടെ ഒരാള്‍ ആളുകളുടെ ഇടയിലൂടെ ബലമായി കടന്നുവന്നു. മനു തടയാന്‍ നോക്കിയെങ്കിലും അവരെയും മറികടന്ന് അയാള്‍ ഗാന്ധിജിയുടെ മുന്നിലെത്തി. കൈകള്‍ കൂപ്പുകയും അല്പമൊന്നു കുനിഞ്ഞ് വന്ദിക്കുകയും ചെയ്തശേഷം നാഥുറാം ഗോഡ്‌സെ മൂന്നു തവണ ഗാന്ധിജിക്കു നേരേ നിറയൊഴിച്ചു.
ഇന്ത്യയെ ഒരു മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള വെടിയൊച്ചയാണ് അന്നു മുഴങ്ങിയത്. വെടിയൊച്ചകള്‍ ഇന്നും നിലയ്ക്കുന്നില്ല. അതേ ശക്തികള്‍ പുതിയ തന്ത്രങ്ങളുമായാണ് ഇപ്പോള്‍ രംഗത്തുള്ളത്. തീവ്രദേശീശതയിലൂടെ വിദ്വേഷത്തിന്റെ കനലുകളാണ് അവര്‍ ഊതിക്കത്തിക്കുന്നത്. മതേതരത്വവും ബഹുസ്വരതയുമാണ് അവരുടെ ആക്രമണത്തിന് ഇരയാകുന്നത്. ഗാന്ധിജിയെ ഇല്ലാതാക്കിയാല്‍ മതാധിഷ്ഠിത രാഷ്ട്രമെന്ന ലക്ഷ്യത്തിലെത്താമെന്ന് അന്ന് അവര്‍ കരുതി. ഇന്നവര്‍ക്ക് മാര്‍ഗതടസം ഗാന്ധിസമാണ്. അതിനെ ഇല്ലാതാക്കി ലക്ഷ്യത്തിലെത്താനാണ് ഇപ്പോഴത്തെ അവരുടെ ശ്രമം.
തീവ്രദേശീയത, സാമ്പത്തിക അസമത്വം, ഭീകരപ്രവര്‍ത്തനം, പ്രകൃതി വിഭവങ്ങളുടെ അമിതചൂഷണം ഇവയൊക്കെയിന്ന് ആഗോള പ്രശ്‌നങ്ങളാണ്. ഈ കൂരിരുട്ടില്‍ ലോകം പ്രത്യാശയോടെ നോക്കിക്കാണുന്ന വെള്ളിവെളിച്ചമാണ് മഹാത്മാഗാന്ധി. അദ്ദേഹത്തിന്റെ 70-ാം രക്തസാക്ഷിത്വദിനം ആചരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ പ്രസക്തി ലോകമെമ്പാടും വര്‍ധിച്ചുവരുന്നതേയുള്ളു. ഐക്യരാഷ്ട്രസംഘടന ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഗാന്ധിജിയുടെ സന്ദേശം ലോകമെമ്പാടും വിപുലമായി എത്തിക്കാനുള്ള ശ്രമത്തിലാണവര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധിജിയാല്‍ പ്രചോദിതരായ നേതാക്കളും പ്രസ്ഥാനങ്ങളും പോരാട്ടങ്ങളും കടന്നുവരുന്നു. ഗാന്ധിജി അനിവാര്യമാണെന്നും മാനവരാശിക്കു മുന്നേറണമെങ്കില്‍ ഗാന്ധിജി ഉണ്ടായേ തീരൂവെന്നും കറുത്തവര്‍ഗക്കാരുടെ മുന്നണിപ്പോരാളി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അര നൂറ്റാണ്ട് മുമ്പ് പറഞ്ഞത് എത്ര സത്യമാണ്!

ഗാന്ധിജിയെ തമസ്‌കരിക്കുന്നു
ഗാന്ധിജിയെ ലോകം പുന:നിര്‍മിക്കുമ്പോള്‍, നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യത്ത് അദ്ദേഹത്തെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഖാദി കലണ്ടറില്‍ ചര്‍ക്കയുടെ പിന്നിലിരിക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ക്ക തിരിക്കുന്ന ചിത്രം ചേര്‍ത്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴിഞ്ഞ ഒക്‌ടോബര്‍ 18ന് ലുധിയാനയില്‍ 500 വനിതകള്‍ക്കു ചര്‍ക്ക വിതരണം ചെയ്യുന്ന ചടങ്ങിലാണ് മോഡി ചര്‍ക്ക തിരിക്കുന്ന ചിത്രമെടുത്തത്. എന്നാല്‍ ഈ ചര്‍ക്കകളൊന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു വീട്ടമ്മമാര്‍ നടത്തിയ സാക്ഷ്യമാണ് ഇതിലെ രസകരമായ ട്വിസ്റ്റ്. ഇന്ത്യന്‍ കറന്‍സിയിലുള്ള ഒരേയൊരു ചിത്രം ഗാന്ധിജിയുടേതാണ്. അതു മാറ്റണമെന്ന് ഹിന്ദുമഹാസഭ ആവശ്യപ്പെട്ടതും നാഥുറാം ഗോഡ്‌സയെ തൂക്കിലേറ്റിയ നവം. 15 ബലിദാന്‍ ദിവസമായി ആചരിക്കുന്നതുമൊക്കെ ഗാന്ധിജിയെ തമസ്‌കരിക്കുന്നതിന്റെ ഭാഗമാണ്.
ഗാന്ധിജിയെ എന്തിനാണു കൊന്നത്? വര്‍ഗീയ ധൃവീകരണത്തിനെതിരേ അദ്ദേഹം അചഞ്ചലമായ നിലപാടെടുത്തു. ഇന്ത്യയുടെ ബഹുസ്വരത നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി. ഗാന്ധിജിയെ ചിലര്‍ ഹിന്ദുവര്‍ഗീയ വാദിയെന്നും മറ്റു ചിലര്‍ മുസ്ലീംപക്ഷപാതിയെന്നും മുദ്രകുത്തി. എന്നാല്‍ താന്‍ ആരാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ”എന്റെ മതം അഹിംസയിലും സത്യത്തിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ ദൈവം. അഹിംസയിലൂടെയാണ് ഞാന്‍ അവിടേക്ക് എത്തിച്ചേരുന്നത്.” പക്ഷേ സത്യത്തേയും അഹിംസയേയും ഭയക്കുന്നവര്‍ വെടിയുണ്ടകള്‍ പായിച്ച് ഗാന്ധിജിയെ ഇല്ലാതാക്കി. പക്ഷേ ഗാന്ധിസത്തെ കൊല്ലാനായില്ല. അത് വെള്ളരിപ്രാവുകളെപ്പോലെ നീലാകാശത്ത്, ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും പറന്നുകളിച്ചു.

മതധ്രുവീകരണം
വെള്ളരിപ്രാവുകളെ വെടിവച്ചു വീഴ്ത്തുന്നതില്‍ അഭിരമിക്കുന്നവരാണ് ഇന്നു രാജ്യം ഭരിക്കുന്നത്. മതധ്രൂവീകരണമാണ് അവര്‍ ലക്ഷ്യമിടുന്നത്. തീവ്രദേശീയതയാണ് അവരുടെ ആയുധം. ഗാന്ധിജി ബഹുസ്വരതയ്ക്കു വേണ്ടി നിലകൊണ്ടെങ്കില്‍ ഇപ്പോള്‍ രാജ്യംഭരിക്കുന്നവര്‍ ഏകസ്വരതയ്ക്കുവേണ്ടിയാണ് തന്ത്രങ്ങള്‍ പയറ്റുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തില്‍പോലും ഏകശിലാ രൂപം കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കുന്നു. നമുക്കു ഹിതകരമല്ലെന്നു തോന്നുന്നവരോട് രാജ്യം വിട്ടുപോകാന്‍ തിട്ടൂരം നല്കുന്നു. അവരെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്നു. മൃഗീയമായി കൊല്ലുന്നു. ഇന്നത്തെ ആവശ്യം ഒരൊറ്റ മതമല്ല, ഭിന്നമതക്കാരുടെ പരസ്പര ബഹുമാനവും സഹിഷ്ണുതയുമാണ്. നിര്‍ജീവമായ ഐകരൂപ്യമല്ല നാനാത്വത്തിന്റെ ഏകത്വമാണ് നമുക്കാവശ്യം എന്ന് ഗാന്ധിജി പറഞ്ഞത് അവര്‍ വിസ്മരിച്ചു.
ലോകമെമ്പാടും ഇന്ന് തീവ്രദേശീയത അലയടിക്കുകയാണെന്നതിന്റെ തെളിവാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം. തീവ്രദേശീയത എന്ന ചുവന്ന പരവതാനിയിലൂടെയാണ് ഫാസിസ്റ്റുകള്‍ കടന്നുവന്നിട്ടുള്ളത്. കണ്ണിനു പകരം കണ്ണ് എന്നതാണ് ഇക്കൂട്ടരുടെ നീതിശാസ്ത്രം. ഗാന്ധിജി നമ്മെ പഠിപ്പിച്ചത് ജയ് ഹിന്ദ് എന്നു മാത്രം പറയാനല്ല, മറിച്ച് ജയ് ജഗത് എന്നു കൂടി പറയാനാണ്. ലോകമേ തറവാട് എന്നതാണ് ആര്‍ഷഭാരത സംസ്‌കാരം. എല്ലാവരുടെയും ഉദയം- സര്‍വോദയം എന്നതാണ് ഭാരതം മുന്നോട്ടുവച്ച കാഴ്ചപ്പാട്. കണ്ണിനു പകരം കണ്ണാണെങ്കില്‍ ലോകം അന്ധകാരത്തിലാകുമെന്നു ഗാന്ധിജി പറഞ്ഞത് ആരു കേള്‍ക്കാന്‍?
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ സംഭവങ്ങള്‍ എന്ന പേരില്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇന്റര്‍നാഷണല്‍ ബൃഹത്തായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത്, ഇതാ സന്യാസിയായ ഒരു നേതാവ് എന്ന ആമുഖത്തോടെയാണ്. വരുന്ന നൂറ്റാണ്ട് അതിന്റെ ബുദ്ധിചക്രവാളം പരിപൂര്‍ണമായി തുറക്കുന്ന വേളയില്‍ ഏറ്റവും സ്ഫുടമായി തെളിഞ്ഞുകാണുന്ന അനശ്വരാത്മാവ് ഗാന്ധിജി ആയിരിക്കുമെന്ന് അവര്‍ വിലയിരുത്തി. ലോകചരിത്രത്തില്‍ ഗാന്ധിജിയുടെ സ്ഥാനം ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് ചരിത്ര പണ്ഡിതന്‍ ആര്‍നോള്‍ഡ് ടോയന്‍ബി എഴുതിവച്ചു. ഈ നൂറ്റാണ്ട് നേരിടുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും ഗാന്ധിജിക്ക് ഉത്തരമുണ്ട്.

സാമൂഹിക സ്വത്ത്
മണ്ണ്, വെള്ളം, വനം, പ്രകൃതി ഇവയൊക്കെ മാനവരാശിയുടെ അടിസ്ഥാന സാമൂഹിക സ്വത്തായാണ് അറിയപ്പെടുന്നത്. അതില്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. അതിന്റെ വിതരണം തുല്യമായിരിക്കണം. പക്ഷേ, ഇന്ന് സാമൂഹിക സ്വത്ത് പലരും പലയിടത്തും സ്വകാര്യസ്വത്താക്കി. എല്ലാ മനുഷ്യരുടെയും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഭൂമിക്കു സാധിക്കും. എന്നാല്‍ അത്യാഗ്രങ്ങള്‍ നിറവേറ്റാന്‍ സാധിക്കില്ലെന്നു ഗാന്ധിജി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതാനും വ്യക്തികളിലേക്ക് സമ്പത്തിന്റെ കേന്ദ്രീകരണം, പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം, അടിസ്ഥാന സാമൂഹിക സ്വത്ത് നിഷേധിക്കപ്പെട്ട ജനകോടികളുടെ വിലാപം. ഇതൊക്കെയാണ് ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍. ഇന്നു ചെയ്യുന്ന പ്രവൃത്തിയെ ആശ്രയിച്ചാണ് നാളെ നമ്മുടെ ഭാവിയെന്ന് ഗാന്ധിജി പ്രവാചകനെപ്പോലെ പറഞ്ഞിട്ടുണ്ട്. ഭൂമി, ആകാശം, വെള്ളം എന്നിവയെ നമുക്കു ലഭിച്ചതുപോലെയെങ്കിലും അടുത്ത തലമുറയ്ക്ക് കൈമാറാന്‍ ബാധ്യതയുണ്ടെന്നും ഗാന്ധിജി നമ്മെ ഓര്‍മിപ്പിക്കുന്നു.

മുറിവേറ്റവര്‍
യുദ്ധത്തിലും സമാധാനത്തിലും ഒരു സര്‍ക്കാരിന്റെ ലക്ഷ്യം ഒരു ഭരണാധികാരിയുടെയോ, ഒരു വര്‍ഗത്തിന്റെയോ മഹത്വവത്ക്കരിക്കലല്ല. അതു സാധാരണക്കാരന്റെ സന്തോഷമായിരിക്കണം എന്നാണ് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ചൂണ്ടിക്കാട്ടിയത്. പക്ഷേ, ഇന്ന് ഏറ്റവും മുറിവേല്പിക്കപ്പെടുന്നത് ഈ സാധാരണക്കാരാണ്. നോട്ടുപിന്‍വലിക്കല്‍ പോലുള്ള നടപടികള്‍ ഏറ്റവുമധികം ബാധിച്ചത് ഈ വിഭാഗത്തെയാണ്. യുദ്ധങ്ങളും കലാപങ്ങളും എന്തിന് പ്രകൃതിക്ഷോഭങ്ങള്‍ പോലും ചില മുന്നറിയിപ്പുകളിലൂടെയാണ് കടന്നുവരുന്നത്. എന്നാല്‍, നോട്ടുപിന്‍വലിക്കല്‍ പോലുള്ള നടപടികള്‍ ഒരു കൊള്ളിയാന്‍ പോലെ കടന്നുവന്ന് സാധാരണക്കാരെ നിലംപരിശാക്കിയാണു കടന്നുപോയത്. വറചട്ടിയില്‍ നിന്ന് അവര്‍ എരിതീയിലേക്ക് എടുത്തെറിയപ്പെട്ടു. നോട്ടെണ്ണാന്‍ പോലും കൃത്യമായി അറിയാത്ത ഒരു ജനസഞ്ചയത്തോടാണ് ഡിജിറ്റലാകാന്‍ ഇന്നു പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്. ഗാന്ധിജി ഏറെ പ്രതീക്ഷയര്‍പ്പിച്ച സഹകരണ പ്രസ്ഥാനത്തെ ഇപ്പോഴത്തെ ഭരണകര്‍ത്താക്കള്‍ തള്ളിപ്പറയുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര വികസനമാണ് ഗാന്ധിജി മുന്നോട്ടുവച്ച സാമ്പത്തിക ശാസ്ത്രം. അതാരും ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് സാമ്പത്തിക അസമത്വം ഭീമാകാരമായി വളര്‍ന്നു വരുന്നത്. സാമ്പത്തിക അസമത്വം നിറഞ്ഞ രാഷ്ട്രങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണിപ്പോള്‍.
എഴുപതു വര്‍ഷം കൊണ്ട് രാജ്യം ഏറെ മുന്നോട്ടുപോയി എന്നതില്‍ നമുക്ക് അഭിമാനിക്കാന്‍ വകയുണ്ട്. മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ നമുക്കു സാധിച്ചു. മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍ അഞ്ചാമത്തെ രാജ്യം. ശാസ്ത്ര സാങ്കേതിക മാനവവിഭവ ശേഷിയില്‍ രണ്ടാമത്. സൈനിക ശേഷിയില്‍ മൂന്നാമത്. ആണവ ക്ലബില്‍ ആറാമത്. ബഹിരാകാശ ഗവേഷണ രംഗത്തും ആറാമത്. പത്താമത്തെ വ്യവസായിക ശക്തി. രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ കാഴ്ചപ്പാടുകളാണ് ഇന്ത്യയെ ഇന്നു ഭദ്രമായ നിലയില്‍ എത്തിച്ചത്. അദ്ദേഹം രൂപംകൊടുത്ത പഞ്ചവത്സര പദ്ധതിയും ആസൂത്രിത സമ്പദ്‌വ്യവസ്ഥയും ആസൂത്രണ കമ്മീഷനുമൊക്കെ രാജ്യത്തെ ഏറെ മുന്നോട്ടു നയിച്ചു. പുതിയ ഭരണാധികാരികള്‍ അതൊക്കെ ഇല്ലായ്മ ചെയ്തു.

ഗാന്ധിജിയെന്ന സമ്പത്ത്
ഗാന്ധിജിയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്. ഗാന്ധിസമാണ് നമ്മുടെ ആത്മവിശ്വാസം. ഗാന്ധിജിയും ഗാന്ധിസവും ഉയര്‍ന്നു നില്ക്കുന്നിടത്തോളം കാലം നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല. മതേതരത്വത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും വിജയപതാകകള്‍ പാറിക്കളിക്കും. അതു മനസിലാക്കിയാണ് ഗാന്ധിജിയെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നത്. ഗാന്ധിജിയുടെ ചിത്രങ്ങള്‍പോലും ചിലരെ ഭയപ്പെടുത്തുന്നു. ഇതിനെതിരേ ഓരോ ഇന്ത്യക്കാരനും സ്വാതന്ത്ര്യസമരകാലത്തെ അര്‍പ്പണബോധത്തോടും രാജ്യസ്‌നേഹത്തോടും കൂടി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഗാന്ധിജിയുടെ 70-ാം രക്തസാക്ഷിത്വ ദിനത്തില്‍ അതായിരിക്കട്ടെ നമുക്കു നല്കാവുന്ന ഏറ്റവും വലിയ സ്‌നേഹോപഹാരം.