സഞ്ജു സാംസണ്‍ പോയാലും രാജസ്ഥാന്‍ റോയല്‍സില്‍ മലയാളി സാന്നിധ്യം തുടരും. ഐപിഎല്‍ മിനി താര ലേലത്തില്‍ ചൈനാമാന്‍ സ്പിന്നറായ മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷ് പുത്തൂരിനെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തത്.
ലേലത്തില്‍ വിഘ്‌നേഷിന്റെ പേര് വന്നപ്പോള്‍ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് അടക്കം മറ്റ് ടീമുകളൊന്നും രംഗത്തുവരാതിരുന്നതോടെയാണ് അടിസ്ഥാന വിലക്ക് തന്നെ വിഘ്‌നേഷിനെ രാജസ്ഥാന് സ്വന്തമാക്കാനായത്. കഴിഞ്ഞ സീസണിലും 30 ലക്ഷം രൂപക്കാണ് വിഘ്‌നേഷ് മുംബൈയിലെത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു. എന്നാല്‍ തുടര്‍ച്ചായി എത്തിയ പരിക്ക് വെല്ലുവിളിയായി.
എന്നാല്‍ ഇടവേളയ്ക്ക് ശേഷം മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച വിഘ്‌നേഷ് നാലു മത്സരങ്ങളില്‍ ആറ് വിക്കറ്റ് നേടി തിളങ്ങി. ലേലത്തിന് മുന്നോടിയായി നേരത്തെ തന്നെ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയിരുന്നു. രവീന്ദ്ര ജഡേജ, സാം കരണ്‍ എന്നിവരെ വിട്ടുകൊടുത്താണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയിരുന്നത്.