കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് മോദിയെന്ന് അവര്‍ വിമര്‍ശിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന് നേരിടേണ്ടി വന്നതിനേക്കാള്‍ വളരെ മോശം വിധിയാണ് മോദിയെ കാത്തിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ഗോള്‍ കീപ്പര്‍ താനാണ്. ഒരൊറ്റ ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു. ഹൂഗ്ലിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മമത.

‘രാജ്യം ഭരിക്കുന്നത് പിശാചുക്കളാണ്. നമ്മുടെ നട്ടെല്ല് തകര്‍ക്കാനാണ് അവരുടെ ശ്രമം. നുഴഞ്ഞുകയറി ബംഗാള്‍ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗുജറാത്തിന് ഒരുകാരണവശാലും ബംഗാളിനെ ഭരിക്കാന്‍ സാധിക്കില്ല’ – മമത വ്യക്തമാക്കി. ബിജെപിക്കാര്‍ തന്റെ മരുമകളെ കല്‍ക്കരി കള്ളിയെന്ന് വിളിച്ചതിനെതിനേയും മമത രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

ക്രിക്കറ്റ് താരം മനോജ് തിവാരി, സിനിമാ താരം സയോനി ദത്ത, ജുണ്‍ മാലിയ തുടങ്ങിയ പ്രമുഖരും ഹൂഗ്ലിയിലെ റാലിയില്‍ വെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.