ഭുവനേശ്വര്‍: നാല്‍പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ഭുവനേശ്വറിലെ സന്യാസികള്‍. ബീഫിനെ പ്രോത്സാഹിപ്പിക്കുന്ന മമതയെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് സന്യാസിമാര്‍ പറയുന്നത്. ത്രിദിന സന്ദര്‍ശനത്തിനായി ഇന്നലെ ഒഡീഷയിലെത്തിയ മമത ഇന്ന് ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിക്കും. ബംഗാളില്‍ ഒരിക്കലും ബീഫ് നിരോധനം നടപ്പിലാക്കില്ലെന്ന മമതയുടെ പ്രഖ്യാപനമാണ് സന്യാസിമാരെ ചൊടിപ്പിച്ചത്. മുസ്‌ലിം പള്ളിയില്‍ പല തവണ സന്ദര്‍ശനം നടത്തിയ മമതയുടെ നടപടികള്‍ ജഗന്നാഥ ഭഗവാന്റെ സംസ്‌കാരത്തിന് എതിരാണെന്നാണ് സന്യാസിമാര്‍ വാദിക്കുന്നത്. അതിനാല്‍ എന്തു വില കൊടുത്തും മമതയുടെ ക്ഷേത്രപ്രവേശനം തടയുമെന്ന നിലപാടിലാണ് സന്യാസിമാര്‍.
പുരിയിലെ പുരോഹിതര്‍ മമതയെ എതിര്‍ത്തതിലൂടെ ബംഗാളിലെ മൊത്തം ജനങ്ങളെയും അപമാനിച്ചിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുകേന്ദു ശേഖര്‍ റോയ് പറഞ്ഞു. മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കുന്നത് കാണേണ്ടി വരും. ദൗര്‍ഭാഗ്യകരമാണത്. ദുഷ്ട ശക്തികള്‍ക്കെതിരെ ജനങ്ങള്‍ ഒരുമിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മമതക്കു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. മമതക്കെതിരെ രംഗത്തുവന്ന സന്യാസികളെ പൊലീസ് ഇന്നു രാവിലെ അറസ്റ്റു ചെയ്തു.