ന്യൂഡല്‍ഹി: പ്രാദേശിക കക്ഷികളെ അണിനിരത്തി ബി.ജെ.പിക്കെതിരെ ബദല്‍ രാഷ്ട്രീയ മുന്നേറ്റത്തിന് കരുനീക്കി വീണ്ടും ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു. ഇതിന്റെ ഭാഗമായി തെലുങ്കാനാ മുഖ്യമന്ത്രി കൂടിയായ റാവു തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ കണ്ടു. കൊല്‍ക്കത്തയിലെ മമതയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ജനങ്ങളുടെ മുന്നണിയായിരിക്കും ഇതെന്ന് കൂടിക്കാഴ്ചക്കു ശേഷം മമതക്കൊപ്പം മാധ്യമങ്ങളെ കണ്ട റാവു പറഞ്ഞു. ജനങ്ങള്‍ 2019നെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. ഇവിടെ മറ്റൊരു മുന്നണി കൂടിയുണ്ടാവും. ഏതാനും രാഷ്ട്രീയ കക്ഷികള്‍ മാത്രം ചേരുന്ന സഖ്യമായിരിക്കില്ല അത്, ഇന്ത്യയിലെ ജനങ്ങളുടെ മുന്നണിയായിരിക്കും. ബദല്‍ രാഷ്ട്രീയ ശക്തി രാജ്യത്ത് ആവശ്യമാണ് – റാവു പറഞ്ഞു. ഫെഡറല്‍ മുന്നണിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതൊരു നല്ല തുടക്കമാണ്. രാഷ്ട്രീയം തുടര്‍ച്ചയാണ്. നമ്മള്‍ എന്തു ചര്‍ച്ച ചെയ്താലും അത് രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയാരിക്കണമെന്ന് മമതാ ബാനര്‍ജിയും പ്രതികരിച്ചു. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് റാവു കൊല്‍ക്കത്തയിലെത്തിയത്. ബി.ജെ.പിയിതര കോണ്‍ഗ്രസിതര കക്ഷികളെ അണി നിരത്തി ഫെഡറല്‍ മുന്നണി രൂപീകരിക്കുമെന്ന് ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. തൊട്ടു പിന്നാലെ പ്രഖ്യാപനത്തെ പിന്തുണച്ച് മമതാ ബാനര്‍ജി രംഗത്തെത്തിയതോടെയാണ് പുതിയ രാഷ്ട്രീയ കരുനീക്കങ്ങള്‍വേഗമാര്‍ജ്ജിച്ചത്. എന്‍.ഡി.എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടേക്കുമെന്ന വാര്‍ത്തകളും രാഷ്ട്രീയ നീക്കങ്ങളുടെ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്.