രാഷ്ട്രീയ പ്രവേശനമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്കൊരു ഉദ്ദേശവുമില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. സൂര്യഫെസ്റ്റിവല്‍ സംഘടിപ്പിച്ച വനിത പ്രഭാഷണമേളയില്‍ സംസാരിക്കവേയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും നടി പാര്‍വ്വതിയുടെ കസബ വിമര്‍ശനത്തെക്കുറിച്ചും താരം നിലപാട് വ്യക്തമാക്കിയത്.

തന്റെ മനസിന്റെ സംതൃപ്തിക്ക് വേണ്ടിയാണ് താന്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനല്ല ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. ദുരിതത്തില്‍ കഴിയുന്നവരെ സഹായിക്കുക എന്നത് തന്റെ സാമൂഹിക ഉത്തരവാദിത്വമാണ്. തന്റെ മനസിന്റെ സംതൃപ്തിക്കു വേണ്ടിയാണ് ഓഖി ദുരന്തബാധിതരെ കാണാന്‍ പോയത്. നിശബ്ദമായി തന്നേക്കാള്‍ കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ ഇവിടെയുണ്ട്. തന്നെ ആളുകള്‍ക്ക് അറിയുന്നതുകൊണ്ട് താന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടി പാര്‍വ്വതി കസബ സിനിമയെ വിമര്‍ശിച്ച സംഭവത്തില്‍ മഞ്ജുവാര്യര്‍ പ്രതികരിച്ചില്ല. സാമൂഹ്യമാധ്യമങ്ങളില്‍ പാര്‍വ്വതിക്കുനേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പറയാനുള്ള വേദിയല്ല ഇതെന്നായിരുന്നു പ്രതികരണം. വിവാദങ്ങളില്‍ നോ കമന്റ്‌സ്, സോറി എന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മഞ്ജുവാര്യര്‍.