ന്യൂഡല്‍ഹി: നോട്ടു നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കുമേല്‍ അടിച്ചേല്‍പ്പിച്ച സമ്പൂര്‍ണ ദുരന്തമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. നോട്ടു അസാധുവാക്കലിന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഒരിക്കല്‍കൂടി മന്‍മോഹന്‍ സിങ് രംഗത്തെത്തിയത്.

”സമ്പദ് വ്യവസ്ഥക്കുമേലുള്ള ഇരട്ട പ്രഹരമായിരുന്നു നോട്ടു നിരോധനവും ജി.എസ്.ടിയും. രണ്ടു തീരുമാനങ്ങളും സമ്പൂര്‍ണ ദുരന്തമായിരുന്നു. ഇതിലൂടെ ചെറുകിട വ്യാപാര മേഖലയുടെ നട്ടെല്ല് തകര്‍ത്തു. നവംബര്‍ എട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കും ജനാധിപത്യത്തിനും കറുത്ത ദിനമാണ്” മന്‍മോഹന്‍ സിങ് പറഞ്ഞു. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച വ്യാപാരികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.സിങ്.

”പാര്‍ലമെന്റില്‍ പറഞ്ഞത് ഞാന്‍ ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. ഇത് ആസൂത്രിതമായ കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണ്. ചൈനയില്‍നിന്നുള്ള ഇറക്കുമതി വര്‍ധനവ് നോട്ടു നിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രത്യാഘാതമാണ്. 2016-17ന്റെ ആദ്യ പകുതിയില്‍ ചൈനയില്‍നിന്നുള്ള ഇറക്കുമതി 1.96 ലക്ഷം കോടി രൂപയുടേതായിരുന്നു. എന്നാല്‍ 2017-18ന്റെ ആദ്യ പകുതിയില്‍ ഇത് 2.41 ലക്ഷം കോടിയായി ഉയര്‍ന്നു. ഒറ്റ വര്‍ഷം കൊണ്ട് 23 ശതമാനത്തിന്റെ വര്‍ധന. ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നതാണ് ഇതിനു കാരണം. സൂറതും വാപിയും മോര്‍ബിയും ഉള്‍പ്പെടെ ഗുജറാത്തിലെ ചെറുകിട വ്യവസായ മേഖലകളുടെ നിലവിലെ അവസ്ഥ എന്താണ്. ലോകത്ത് എവിടെയെങ്കിലും ജനാധിപത്യ ഭരണകൂടം സ്വന്തം ജനതക്കുമേല്‍ ഇതുപോലെ ബലാല്‍ക്കാരം നടത്തിയിട്ടുണ്ടോ. രാജ്യത്ത് നികുതി തീവ്രവാദം നിലനില്‍ക്കുന്നുണ്ടെന്ന തോന്നലാണ് ജി.എസ്.ടി വ്യാപാരികളില്‍ സൃഷ്ടിച്ചത്. ഇത് പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍നിന്ന് വ്യാപാര സമൂഹത്തെ പിന്തിരിപ്പിക്കുകയാണ്”- ഡോ. സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പ്രഖ്യാപനമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേയും മന്‍മോഹന്‍ സിങ് വിമര്‍ശിച്ചു. ”വലിയ പൊങ്ങച്ചത്തോടെയാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ അത് ധൂര്‍ത്തിലേക്കുള്ള പോക്കാണ്. നിലവിലെ ബ്രോഡ്‌ഗേജ് പാതകള്‍ മെച്ചപ്പെടുത്തി അതിവേഗ ട്രെയിനുകള്‍ ഓടിക്കുന്നതിനുള്ള സാധ്യത പ്രധാനമന്ത്രി പരിഗണിച്ചിരുന്നോ. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേയും നോട്ടു നിരോധനത്തേയും ജി.എസ്.ടിയേയും വിമര്‍ശിക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കുകയാണ്. എല്ലാവരും കള്ളന്മാരും ദേശവിരുദ്ധരുമാണെന്ന മനോഭാവത്തോടെ സംശയത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വീക്ഷിക്കുന്നത്. ഈ ഇടുങ്ങിയ ചിന്താഗതി ജനാധിപത്യത്തിന്റെ സംവാദാന്തരീക്ഷത്തെ തകര്‍ക്കും” ഡോ. മന്‍മോഹന്‍ സിങ് പറഞ്ഞു.