സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഇന്നു പോലീസ് കേസെടുക്കും. ഇതോടെ സംഭവത്തില്‍ പരസ്യ പ്രതിഷേവുമായി വൈദികള്‍ രംഗത്തെത്തി. കര്‍ദിനാളിന്റെ രാജി ആവശ്യപ്പെട്ട് വൈദികള്‍ കാക്കനാട്ടെ സഭാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. അതേ സമയം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ കര്‍ദിനാളിനെതിരെ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നേതൃത്വം കൂടിയാലോചന നടത്തുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുന്നതിനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഗൂഢാലോചനകുറ്റം അടക്കമുള്ളതിനാല്‍ കര്‍ദിനാളിെന അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സഹായ മെത്രാന്മാരായ ജോസ് പുത്തന്‍വീട്ടില്‍, സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ ബിഷപ്പ് ഹൗസിലെത്തി മാര്‍ ആലഞ്ചേരിയെ കാണും.
മാര്‍ ആലഞ്ചേരിയെ എതിര്‍ക്കുന്ന വൈദിക സമിതിയില്‍ അംഗങ്ങള്‍ ഇന്ന് ബിഷപ്പ് ഹൗസില്‍ യോഗം ചേരുന്നുണ്ട്. കൂടാതെ, മാധ്യമപ്രവര്‍ത്തകരെ കാണാനും ഈ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.
ഭൂമിയിടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാര്‍ ആലഞ്ചേരി മാറിനില്‍കണമെന്ന് വൈദികര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മാര്‍ ആലഞ്ചേരിയെ പിന്തുണക്കുകയും പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെടുകയും ആണ് സിനഡ് യോഗം ചെയ്തത്.

സീറോ മലബാര്‍ സഭ എറണാകുളംഅങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമായി പ്രതികരിച്ചിരുന്ന വൈദികര്‍ പരസ്യമായി മാര്‍ ആലഞ്ചേരിക്കെതിരെ രംഗത്തുവരുന്നത്.