ബ്യുണസ്അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പഴ്‌സണല്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മെഡിക്കല്‍ സ്റ്റാഫിനെ നരഹത്യക്ക് വിചാരണ ചെയ്യാന്‍ കോടതി തീരുമാനം. ഗുരുതരമായ മെഡിക്കല്‍ അനാസ്ഥയിലാണ് സൂപ്പര്‍ താരം മരിച്ചതെന്ന കണ്ടെത്തലില്‍ നിന്നാണ് ഇവരെ വിചാരണ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് മറഡോണയെ ചികില്‍സിച്ചവരും പരിചരിച്ചവരും ചെയ്തതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പ്രതിക്കൂട്ടില്‍ വരാന്‍ പോവുന്നത് മറഡോണയുടെ പഴ്‌സണല്‍ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്ക, താരത്തെ ചികില്‍സിച്ച സൈക്കാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഇവരുടെ മേധാവികള്‍ എന്നിവര്‍ ഉള്‍പ്പെടും. 2020 നവംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണ മരിച്ചത്. മസ്തിഷ്‌കത്തില്‍ നടത്തിയ സര്‍ജറിക്ക് ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ വീട്ടില്‍ അദ്ദേഹത്തിന് ചികില്‍സക്ക് നിയോഗിച്ചവരില്‍ നിന്നും കൃത്യമായ പരിചരണം ലഭിച്ചില്ല.

വിശദമായ പരിചരണം ലഭിച്ചിരുന്നെങ്കില്‍ മറഡോണക്ക് കൂടുതല്‍ കാലം ആരോഗ്യവാനായി ജിവിക്കാനാവുമായിരുന്നെന്നും മെഡിക്കല്‍ സംഘം ചെയ്ത കുറ്റകരമായ അനാസ്ഥയാണെന്നും കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ വിചാരണക്ക് വിധേയരാവുന്ന മെഡിക്കല്‍ സംഘത്തിലെ ചിലരെങ്കിലും ശിക്ഷിക്കപ്പെടും.

2020 നവംബര്‍ 25 നായിരുന്നു സംശയകരമായ സാഹചര്യത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. പക്ഷേ മസ്തിഷ്‌കത്തില്‍ സര്‍ജറിക്ക് വിധേയനായി വിശ്രമിക്കുന്ന താരത്തിന് സമ്പൂര്‍ണ മെഡിക്കല്‍ പരിചരണം നിര്‍ദ്ദേശിച്ചിട്ടും നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹത്തിന് ആരുടെയും സേവനം ലഭിച്ചില്ല എന്നതായരുന്നു കുടുംബം ഉന്നയിച്ച പരാതി. മെഡിക്കല്‍ സംഘത്തിനൊപ്പം വീട്ടില്‍ തനിച്ചായിരുന്നു മറഡോണ. എന്നാല്‍ മരിക്കുന്നതിന് തലേദിവസം അദ്ദേഹത്തിന് കാര്യമായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. ക്ഷീണിതനായി കാണപ്പെട്ടിട്ടും നഴ്‌സുമാര്‍ സമീപത്തുണ്ടായിരുന്നില്ല. പഴ്‌സണല്‍ ഡോക്ടര്‍ അല്‍പ്പം ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഇന്നും മറഡോണ ജീവിച്ചിരിക്കുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകള്‍ തന്നെ പറഞ്ഞിരുന്നു. ബ്യൂണസ് അയേഴ്‌സ് പൊലീസിന് ഇവരെല്ലാം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്യപ്പെട്ടത്. വിചാരണ ഉടന്‍ ആരംഭിക്കും. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു 1986 ല്‍ അര്‍ജന്റീനക്ക് ലോകകപ്പ് സമ്മാനിച്ച താരത്തിന്റെ അകാല വിയോഗം.