kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ്; മൂന്ന് കോടി രൂപ പിരിച്ചെടുത്തു, ഒരു കോടി കുടുംബത്തിന് നല്‍കി, രണ്ട് കോടി സിപിഎം എടുത്തു

By sreenitha

January 25, 2026

കണ്ണൂര്‍: വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമേറിയതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. സിപിഎം സ്വന്തം പാര്‍ട്ടിയുടെ രക്തസാക്ഷിത്വങ്ങളെ ധനസമാഹരണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു കോടിയില്‍ അധികം രൂപ പിരിച്ചെടുത്തതായും, അതില്‍ ഭൂരിഭാഗം തുകയും മധുസൂദനന്‍ എംഎല്‍എ അപഹരിച്ചുവെന്നും ജനീഷ് പറഞ്ഞു. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമല്ല, മറിച്ച് ക്രിമിനല്‍ കുറ്റമാണെന്നും എംഎല്‍എക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം രക്തസാക്ഷികളുടെ പേരിലും വ്യാപകമായ ധനാപഹരണം നടത്തുന്നുവെന്ന് ജനീഷ് ആരോപിച്ചു. അഭിമന്യുവിന്റെ കുടുംബത്തിനായി ഏകദേശം മൂന്ന് കോടി രൂപ പിരിച്ചെടുത്തുവെങ്കിലും ഒരു കോടി രൂപ മാത്രമാണ് കുടുംബത്തിന് നല്‍കിയതെന്നും, ബാക്കിയുള്ള രണ്ട് കോടി രൂപ സിപിഎം കൈക്കലാക്കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ പിരിക്കുന്ന പണം ക്രിമിനലുകള്‍ക്ക് വേണ്ടി കേസുകള്‍ നടത്താനാണ് സിപിഎം ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങള്‍ സിപിഎം ഉടന്‍ പുറത്തുവിടണമെന്ന് ജനീഷ് ആവശ്യപ്പെട്ടു. വി. കുഞ്ഞികൃഷ്ണന്റെ ജീവന് ഭീഷണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും, അദ്ദേഹത്തിന്റെ വീട്ടിലേക്ക് ”മാശാ അള്ള” എന്ന് എഴുതിയ കാര്‍ വരാനുള്ള സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. കുഞ്ഞികൃഷ്ണന് മതിയായ പൊലീസ് സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്ന് പരാതി നല്‍കുമെന്നും ജനീഷ് അറിയിച്ചു.

സജി ചെറിയന്റെ പ്രസ്താവനയെ പാലോളി തള്ളി പറഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും, എ.കെ. ബാലന്റെ പരാമര്‍ശങ്ങളെ സിപിഐഎം സെക്രട്ടറി തള്ളി പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നിലപാട് വ്യക്തമല്ലെന്നും ജനീഷ് കുറ്റപ്പെടുത്തി. അര്‍ജവമുണ്ടെങ്കില്‍ പാര്‍ട്ടിയുടെ നിലപാട് താനാണ് പറയേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും, അല്ലെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”പറഞ്ഞത് ബാലന്‍ ആണെങ്കിലും വാക്കുകള്‍ കാലന്റേതാണ്” എന്ന് പരിഹസിച്ച ജനീഷ്, അതിവേഗ റെയില്‍ പദ്ധതി കേരളത്തിന് താങ്ങാനാകുമോ എന്ന് ഗൗരവമായി പരിശോധിക്കണമെന്നും വ്യക്തമാക്കി. കണ്ണടച്ച് എതിര്‍ക്കില്ലെന്നും, നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേര്‍ത്തു.