അഖിലേന്ത്യാ മാനേജ്‌മെന്റ് അസോസിയേഷന്‍ (എ.ഐ.എം.എ.) നടത്തുന്ന മാനേജ്‌മെന്റ് അഭിരുചി പരീക്ഷ പേപ്പര്‍ അധിഷ്ഠിതമായും കംപ്യൂട്ടര്‍ അധിഷ്ഠിതമായും ഡിസംബറില്‍ നടത്തും. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. അന്തിമ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് ലാംഗ്വേജ് കോംപ്രിഹന്‍ഷന്‍, മാത്തമാറ്റിക്കല്‍ സ്‌കില്‍സ്, ഡേറ്റ അനാലിസിസ് ആന്‍ഡ് സഫിഷ്യന്‍സി, ഇന്റലിജന്‍സ് ആന്‍ഡ് ക്രിട്ടിക്കല്‍ റീസണിങ്, ഇന്ത്യന്‍ ആന്‍ഡ് ഗ്ലോബല്‍ എന്‍വയണ്‍മെന്റ് എന്നീ വിഷയങ്ങളില്‍ നിന്നും 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും. കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.

ഡിസംബര്‍ ഒമ്പതിനു നടത്തുന്ന പേപ്പര്‍ അധിഷ്ഠിത പരീക്ഷക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷക്ക് അപേക്ഷിക്കാന്‍ ഡിസംബര്‍ ഏഴു വരെ സമയമുണ്ട്. ഒരാള്‍ക്ക് ഏതെങ്കിലും ഒരു രീതിയിലെയോ രണ്ടു രീതികളിലെയുമോ പരീക്ഷ അഭിമുഖീകരിക്കാം. അപേക്ഷ https://mat.aima.in/dec18/ വഴി നല്‍കാം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.