പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജി സന്നദ്ധ അറിയിച്ചിട്ടും ബിജെപി അതിന് അനുവദിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഗോവമന്ത്രി രംഗത്ത്. ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവും സംസ്ഥാന കൃഷി മന്ത്രിയുമായ വിജയ് സര്‍ദേശായിയാണ് ബിജെപിക്കെതിരെ രംഗത്തുവന്നത്.

ചികിത്സക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ പരീക്കര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും ചുമതലകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറാനും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം അതിനു അനുവദിച്ചില്ല.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാന ഭരണമാകെ താറുമാറായ അവസ്ഥയാണെന്നും വിജയ് സര്‍ദേശായി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച പരീക്കറിന്റെ വസതിയിലേക്ക് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ജനകീയ മാര്‍ച്ച് നടന്നിരുന്നു.