ശ്രീനഗര്‍: പുല്‍വാമയില്‍ ഏഴ് നാട്ടുകാരെ സൈന്യം വെടിവെച്ചുകൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും. ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നേതൃത്വത്തിലുള്ള ഭരണം ജമ്മു-കശ്മീര്‍ ജനതയുടെ സുരക്ഷക്ക് ഒന്നും ചെയ്യുന്നില്ലെന്ന് ഉമര്‍ കുറ്റപ്പെടുത്തി. ഏഴുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമാണിത്. സംഭവം കൂട്ടക്കൊലയല്ലാതെ മറ്റൊന്നുമല്ല. തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലെ പ്രതിഷേധങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ അധികൃതക്ക് കഴിയുന്നില്ല. പ്രശ്‌നബാധിതമായ താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഒരു നടപടിയുമില്ല -നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായ ഒമര്‍ ട്വീറ്റ് ചെയ്തു. കൂട്ടക്കൊലയെ അപലപിച്ച പി.ഡി.പി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി സ്വന്തം ജനതയെ കൊലപ്പെടുത്തി ഒരു രാജ്യത്തിനും യുദ്ധം ജയിക്കാനാവില്ലെന്ന് പ്രതികരിച്ചു. യുവാക്കളാണ് ഇങ്ങനെ കൊല്ലപ്പെടുന്നത്. എത്രകാലം ഇതു തുടരും -അവര്‍ ചോദിച്ചു.
ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണം. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.