തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിലെ വിവാദനിയമങ്ങള്‍ നിയമക്കുരുക്കിലായതോടെ ജീവനക്കാര്‍ അടിയന്തരമായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് വകുപ്പിന്റെ സര്‍ക്കുലര്‍. യോഗ്യതയില്ലാത്തവരെ നിയമിച്ചതായി വിജിലന്‍സിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനം നല്‍കുന്നതിന് മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തി ഫയലില്‍ സൂക്ഷിക്കേണ്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നിയമനം നടന്ന് ആറു മാസത്തിനു ശേഷം ആവശ്യപ്പെട്ട് സര്‍ക്കുലര്‍ അയക്കുന്ന വിചിത്ര നടപടിയാണ് ന്യൂനപക്ഷ വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെ നടത്തിയ അറുപതോളം നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ വിജിലന്‍സ് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി വിജിലന്‍സ് അന്വേഷണം ഒഴിവാക്കാനാണ് നീക്കം. വകുപ്പ് ഡയറക്ടറേറ്റാണ് ന്യൂനപക്ഷ കോച്ചിങ് സെന്ററുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. നിയമനങ്ങള്‍ വിവാദമായതോടെ മന്ത്രി കെ.ടി ജലീല്‍ കോച്ചിങ് സെന്ററുകളിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചു. 25ന് നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാനത്തെ 16 കോച്ചിങ് സെന്ററുകളിലെ പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുക്കും. ന്യൂനപക്ഷ കോച്ചിങ് സെന്ററുകള്‍, ഡയറക്ടറേറ്റ്, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവിടങ്ങളില്‍ നിലവിലുണ്ടായിരുന്ന ജീവനക്കാരെ പിരിച്ചുവിട്ട ശേഷം മന്ത്രിയുടെ ഓഫീസും സി.പി.എം ജില്ലാ കമ്മിറ്റികളും നല്‍കിയ പട്ടിക പ്രകാരം നിയമനം നടത്തുകയായിരുന്നെന്നും ഓരോ തസ്തികക്കും നിശ്ചയിക്കപ്പെട്ട യോഗ്യതയില്ലാത്തവരെയാണ് നിയമിച്ചതെന്നും കാട്ടി വേങ്ങര സ്വദേശി അസീസ് മാടഞ്ചേരിയാണ് കഴിഞ്ഞമാസം 20ന് വിജിലന്‍സിന് പരാതി നല്‍കിയത്.

ഡയറക്ടറേറ്റിലും കോച്ചിങ് സെന്ററുകളിലും റെയ്ഡ് നടത്തി രേഖകള്‍ കണ്ടെടുത്ത വിജിലന്‍സ്, ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അന്വേഷണം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. മുഴുവന്‍ ഫയലുകളും തിരിച്ചേല്‍പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ നിര്‍ദേശം.