തൊടുപുഴ: ഇടുക്കി റവന്യൂ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എംഎം മണിക്ക് കായികമേളയും കലോത്സവവും തമ്മില്‍ മാറിപ്പോയി. മന്ത്രിയുടെ പ്രസംഗത്തില്‍ കായികമേളക്ക് ആശംസകള്‍ അര്‍പ്പിക്കുകയായിരുന്നു. ഇന്ത്യ കായിക രംഗത്ത് വട്ടപ്പൂജ്യമാണെന്ന് മണി പറഞ്ഞു.

‘പിടി ഉഷ, ഷൈനി ഏബ്രഹാം, പ്രീജ ശ്രീധരന്‍ തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യയ്ക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്നു പറയാം. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ്’. പ്രസംഗം കേട്ട സദസ്സിലുള്ളവരും വേദിയിലുള്ളവരും ആശയക്കുഴപ്പത്തിലായെങ്കിലും മണി പിന്നെ പ്രസംഗം വഴിതിരിച്ചുവിടുകയായിരുന്നു. പ്രസംഗം വഴിതിരിച്ച് പിന്നീട് കലോത്സവത്തിലേക്കെത്തിച്ചു.

പ്രസംഗത്തില്‍ വീണ്ടും കായികോത്സവം കടന്നുവന്നെങ്കിലും കലാമാമാങ്കത്തിന്റെ പ്രസക്തി മണി സദസ്സിനെ ഓര്‍മ്മിപ്പിച്ചു. ഇത്തരം കലാമാമാങ്കത്തിലൂടെ വലിയ പ്രതിഭകള്‍ ഉയര്‍ന്നുവരട്ടെയെന്നും ആശംസിച്ചാണ് മന്ത്രി വേദി വിട്ടത്.