ന്യൂഡല്‍ഹി: പാര്‍ലെന്റിന്റെ ശീതകാല സമ്മേളനം വൈകുന്നതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍ സര്‍ക്കാരുകളുടെ കാലത്തും ഇത്തരം നടപടികളുണ്ടായിട്ടുണ്ടെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. ഡിസംബറില്‍ സമ്മേളനം വിളിക്കുമെന്നും തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഓര്‍മക്കുറവ് കൊണ്ടാണ് പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

യു.പി.എ സര്‍ക്കാരിന്റെ കാലത്തും തെരഞ്ഞെടുപ്പ് വേളയില്‍ ശീതകാല സമ്മേളനം നീട്ടിവെക്കുകയും വെട്ടിച്ചുരുക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. 2008 ലും 2013ലും ഇത്തരം സംഭവങ്ങളുണ്ടായി’-മന്ത്രി പറഞ്ഞു. മോദി സര്‍ക്കാരിന്റെ അഴിമതിയും ജനദ്രോഹ നയങ്ങളും ചോദ്യം ചെയ്യപ്പെടുമെന്ന് ഭയന്നാണ് ശീതകാല സമ്മേളനം വൈകിപ്പിക്കുന്നതെന്ന ആരോപണം ശക്തമായിരുന്നു. ഇത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയവും ബി.ജെ.പിക്കുണ്ട്.

കേന്ദ്രത്തിന്റെ നടപടി ഇന്ത്യയുടെ പാര്‍ലമെന്റ് ജനാധിപത്യത്തിന്‍മേല്‍ മോദി കരിനിഴല്‍ വീഴ്ത്തിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണിതെന്നായിരുന്നു അവരുടെ ആരോപണം. സാധാരണയായി നവംബര്‍ ആദ്യ ആഴ്ചയില്‍ തുടങ്ങി നാല് ആഴ്ചയോളമാണ് ശീതകാലസമ്മേളനം ചേരാറുള്ളത്. എന്നാല്‍ ഇതുവരെ സമ്മേളനത്തിന്റെ തിയ്യതി പ്രഖ്യാപിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.