ചണ്ഡീഗഡ്: മൊഹാലിയിലെ ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേരെ മെയ് ഒമ്പതിനു നടന്ന റോക്കറ്റ് എഞ്ചിന്‍ ഉപയോഗിച്ചുള്ള ഗ്രനേഡ് ആക്രമണത്തിനു പിന്നില്‍ ബബ്ബര്‍ ഖല്‍സ ഭീകരെന്ന് പഞ്ചാബ് പൊലീസ്. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐയുടെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഡി.ജി.പി വിരേഷ് കുമാര്‍ ബവ്‌റ പറഞ്ഞു. ഗുണ്ടാ നേതാവായ ലഖ്ബീര്‍ സിങ് ലണ്ടയാണ് ആസൂത്രകന്‍. 2017 മുതല്‍ കാനഡ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനം. പഞ്ചാബിലെ തരണ്‍ ജില്ലക്കാരനാണ് ലണ്ട. കൂട്ടാളിയായ ഹര്‍വീന്ദര്‍ റിണ്ടക്കും ആക്രമണത്തില്‍ പങ്കുണ്ട്. ബബ്ബര്‍ ഖല്‍സ നേതാവ് വദ്വ സിങിനും ലണ്ടക്കും ഐ.എസ്.ഐക്കുമിടയില്‍ ആശയ വിനിമയം നടത്തിയിരുന്നത് റിണ്ടയാണെന്നും പൊലീസ് പറഞ്ഞു.